ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ കിഴക്കൻ ഇംഫാൽ ജില്ലയിൽ ഇറച്ചിക്കടക്ക് തീവെച്ച മൂന്ന് ദ്രുതകർമസേനാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സോംദേവ് ആര്യ, കോൺസ്റ്റബിൾ കുൽദീപ് സിങ്, പ്രദീപ് കുമാർ സിങ് എന്നിവരാണ് അറസ്റ്റിലായത്. കലാപം അമർച്ച ചെയ്യാൻ നിയോഗിച്ച ദ്രുതകർമസേനയുടെ 103ാം ബറ്റാലിയൻ അംഗങ്ങളായ മൂവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ആർ.എ.എഫ് അറിയിച്ചു.

മണിപ്പൂരിൽ വീണ്ടും വിവിധയിടങ്ങളിൽ സംഘർമുണ്ടായ സാഹചര്യത്തിലായിരുന്നു ദ്രുതകർമസേനാംഗങ്ങളുടെ പ്രവൃത്തി. ഇരുവിഭാഗവും ഇടകലർന്ന് കഴിയുന്ന മേഖലയിൽ വെള്ളിയാഴ്ച രാത്രി കാറിലെത്തിയ മൂവരും ചേർന്ന് ഇറച്ചിക്കടക്ക് തീകൊളുത്തുകയും ശേഷം സ്ഥലംവിടുകയുമായിരുന്നു. കോഴിയിറച്ചിയും ബീഫും വിൽക്കുന്ന കടയാണിത്. നേരത്തെ, വലിയതോതിലുള്ള തീവെപ്പ് നടന്ന മേഖലയുമാണ്.

തീപടർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും അണയ്ക്കുകയുമായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ദ്രുതകർമസേനാംഗങ്ങളാണ് തീകൊളുത്തിയതെന്ന് വ്യക്തമായതെന്ന് ഇംഫാൽ ഈസ്റ്റ് എസ്.പി ശിവകാന്ത പറഞ്ഞു. മദ്യലഹരിയിലാണ് അർധസൈനികരുടെ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതികളെ വിശദമായി ചോദ്യംചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മദ്യലഹരിയിൽ മടങ്ങുന്നതിനിടെയാണ് സംഭവം’ -എസ്.പി പറഞ്ഞു. ഇവരുടെ വാഹനം ഓടിച്ചത് സൈനികനല്ലാത്ത മറ്റൊരാളാണ്. ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നും എസ്.പി പറഞ്ഞു.

മെയ്തേയി വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തെ തുടർന്ന് മേയ് മൂന്നിന് ആരംഭിച്ച കലാപം മണിപ്പൂരിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായ അക്രമവും തീവെപ്പും നടന്നു. ഇതേത്തുടർന്ന് ഇന്‍റർനെറ്റ് നിരോധനം മേയ് 31 വരെ നീട്ടിയിരിക്കുകയാണ്. കർഫ്യൂവും തുടരും. കർഫ്യൂവിൽ നേരത്തെ ഇളവ് അനുവദിച്ചിരുന്നെങ്കിലും വീണ്ടും അക്രമമുണ്ടായതോടെ ഇളവ് പിൻവലിച്ചു. ഗോത്രവിഭാഗക്കാരും മെയ്തേയി വിഭാഗക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ 73 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാൻ ദ്രുതകർമസേനക്ക് പുറമെ സൈന്യത്തെയും സി.ആർ.പി.എഫ്, ബി.എസ്.എഫ്, അസം റൈഫിൾസ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.