ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ മുന്നിൽ മഹിള സമ്മാൻ മഹാ പഞ്ചായത്ത് നടത്താനിരിക്കെ തങ്ങളെ പിന്തുണക്കുന്നവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വിനേഷ് ഫോഗട്ട്. അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ആരോപണം.

ജനാധിപത്യത്തെ പരസ്യമായി കൊല്ലുകയാണ്. ിന്ത്യുടെ പെൺമക്കളെ ക്രിമിനലുകളെ പോലെയാണ് പൊലീ് കൈകാര്യം ചെയ്യുന്നത്. ഞങ്ങളെ പിന്തുണക്കുന്നവരെയെല്ലാം പൊലീസ് തടഞ്ഞുവെക്കുന്നു. പുതിയ പാർലമെന്റ് ഉദ്ഘാടനവേളയിൽ തങ്ങളുടെ അവകാശങ്ങൾ ചോദിച്ച സ്ത്രീകളെ എങ്ങനെയാണ് അടിച്ചമർത്തിയതെന്ന് രാജ്യം ഓർമിക്കും. – വിനേഷ് ഫോഗട്ട് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധ സൂചകമായി മഹിളാ പഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങളെ പിന്തുണച്ചു​കൊണ്ട് കർഷക സംഘടനകൾ അറിയിച്ചിരുന്നു.

അതേതുടർന്ന്, ഡൽഹിയിൽ പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മഹിളാ പഞ്ചായത്തിന് വരുന്നവരെ അതിർത്തികളിൽ തന്നെ തടഞ്ഞും മറ്റുമാണ് പൊലീസ് നടപടി. കൂടാതെ പുതിയ പാർലമെന്റ് പരിസരത്തേക്ക് പ്രവേശിക്കാതിരിക്കാൻ ഇരട്ട ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരുന്നു.

ജന്തർ മന്തിറിൽ നിന്ന് പുറത്തു കടക്കാതിരിക്കാനും ബാരിക്കേഡുകൾ വെച്ച് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങൾ ബാരിക്കേഡുകൾ മറികടന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തുകയാണ്.