വാഷിങ്ടൺ: യു.എസ് വിദേശകാര്യ നയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഹെന്റി കിസിൻജർക്ക് 100 തികഞ്ഞു. ആദ്യം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലാണ് കിസിൻജർ സേവനമനുഷ്ടിച്ചത്. റിച്ചാർഡ് നിക്സൻ യു.എസ് പ്രസിഡന്റായിരുന്നപ്പോഴാണ് കിസിൻജറെ (1969-1975) ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചത്.1973 ൽ വിദേശകാര്യ സെക്രട്ടറിയായും നിയമിതനായി.

വൈകാതെ നിക്‌സൺ ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തിയായി കിസിൻജർ ഉയർന്നു. അക്കാലത്ത് ലോകമെമ്പാടുമുള്ള യു.എസിന്റെ ഇടപെടലുകൾക്ക് നേതൃത്വം നൽകിയത് കിസിൻജറായിരുന്നു. അതിന്റെ അനന്തരഫലങ്ങൾ ലോകം ഇന്നും അനുഭവിക്കുകയാണ്.

രാഷ്ട്രതന്ത്രത്തിലും നയതന്ത്രത്തിലും അഗ്രഗണ്യനായ ആളെന്ന് ചിലർ കിസിൻജറെ വിലയിരുത്തുമ്പോൾ, 1970കളിലെ യു.എസിന്റെ സൈനിക-രാഷ്ട്രീയ ഇടപെടലുകളുടെ ആഘാതം പേറു​ന്നവർ അദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായാണ് വിലയിരുത്തുന്നത്. കിസിൻജർ ഇന്ത്യയുമായും അത്ര രസത്തിലായിരുന്നില്ല. ഇന്ദിരഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപം ആരും മറന്നിരിക്കാത്ത ഒന്നാണ്.

1923 മേയ് 27ന് ജർമനിയിലെ ജൂതകുടുംബത്തിലാണ് ജനനം. 1938ൽ കുടുംബത്തോടൊപ്പം ജർമനിയിൽ നിന്ന് പലായനം ചെയ്തു. ഹാർവർഡ് യൂനിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടി. 1973ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.