നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി ഒരാഴ്ചയിൽ തന്നെ മൂന്നാമത്തെ വൈദികനും അറസ്റ്റുചെയ്യപ്പെട്ടു. രാജ്യത്തിൻറെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്വയം നിർണ്ണയാവകാശത്തെയും നിന്ദിച്ചു എന്ന വ്യാജകുറ്റം ചുമത്തിയാണ് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ് സോസെഡ എന്ന കത്തോലിക്കാ പുരോഹിതനെ അറസ്റ്റ് ചെയ്തത്. മേയ് 25 ന് നാഷണൽ പോലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്.

നിക്കരാഗ്വയിലെ ബോക്കോ ഡിപ്പാർട്ട്‌മെന്റിലെ സാൻ ജോസ് ഡി ലോസ് റിമേറ്റ്സ് മുനിസിപ്പാലിറ്റിയിലുള്ള ഹൈവേയിൽ വച്ച് മേയ് 23 ന് രാത്രി ഒമ്പതിനാണ് ഫാ. ജെയിം ഇവാൻ അറസ്റ്റുചെയ്യപ്പെട്ടത്. രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വർഷത്തേക്ക് തടവിലാക്കപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ അധികാരപരിധിയിലുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നാമത്തിലുള്ള സെബാക്കോ മുനിസിപ്പാലിറ്റിയിലെ ഇടവകയിലാണ് ഫാ. ജെയിം ഇവാൻ വികാരിയായിരുന്നത്. പത്രക്കുറിപ്പനുസരിച്ച്, ഫാ. ജെയിം ഇവാനെ സംശായാസ്പദമായ സാഹചര്യത്തിൽ ഒരു വെളുത്ത ടൊയോട്ട ഹിലക്സ് വാനിൽ കണ്ടെത്തിയെന്നാണ്. എന്നാൽ, നിക്കരാഗ്വൻ പൊലീസ് ഇതുവരെയും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ അധികാരത്തിൻ കീഴിലുള്ള കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 529 ആക്രമണങ്ങൾ സഭ നേരിട്ടിട്ടുണ്ട്. അതിൽ തൊണ്ണൂറോളം ആക്രമങ്ങൾ 2023 ൽ നടന്നതാണ്. ബിഷപ്പ് റൊളാൻഡോ അൽവാരസിനെ അന്യായമായി തടവിലാക്കുകയും 32 സന്യാസിനിമാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ഏഴ് ദൈവാലയങ്ങൾ ഭരണകൂടം കണ്ടുകെട്ടുകയും പല കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. നിക്കരാഗ്വയിലെ പീഡിത സഭയുടെ ചിത്രമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.