കാനഡയിലെ ആൽബെർട്ടയിലെ ദേവാലയം അഗ്നിക്കിരയാക്കപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി ആർച്ചുബിഷപ്പ് ജെറാർഡ് പെറ്റിപാസ്. 121 വർഷം പഴക്കമുള്ള സെന്റ് ബെർണാഡിന്റെ ദേവാലയമാണ് നശിപ്പിക്കപ്പെട്ടത്. മെയ് 22-ന് ദേവാലത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

“ദേവാലയം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കാനാവാത്ത നഷ്ടമാണ് നമുക്ക് നൽകിയിരിക്കുന്നത്. പതിവായ ബലിയർപ്പണങ്ങൾ, മാമ്മോദീസകൾ, കുമ്പസാരങ്ങൾ, ശവസംസ്കാര ശുശ്രൂഷകൾ എന്നിവ പരികർമ്മം ചെയ്യപ്പെട്ട ഈ ദേവാലയത്തിന്റെ ചുവരുകൾ കത്തിനശിച്ച് ചവറ്റുകൂമ്പാരമായി തീർന്നിരിക്കുന്നു. ഈ ദേവാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സൂക്ഷിക്കുന്ന എല്ലാവർക്കും ഇത് ദുഃഖത്തിന്റെ നിമിഷങ്ങളായിരിക്കും” – ആർച്ചുബിഷപ്പ് ജെറാർഡ് പെറ്റിപാസ് സി.എസ്.എസ് ആർ പറഞ്ഞു.

തീപിടുത്തവുമായി ബന്ധപ്പെട്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ മെയ് 29-ന് കോടതിയിൽ ഹാജരാക്കും. ഈ ദേവാലയനാശം ഭൂതകാലത്തിന്റെ ഒരു സ്മാരകം മാത്രമായിരുന്നില്ല, മറിച്ച്  വർത്തമാനകാലത്തിന്റ സജീവസ്മാരകത്തെ കൂടിയാണ് നശിപ്പിച്ചിരിക്കുന്നത്. ദേവാലയത്തെ അഗ്നിക്കിരയാക്കിയാലും ദൈവജനത്തിന്റെ വിശ്വാസം അഗ്നിക്കിരയാക്കാൻ ആർക്കും കഴിയില്ലെന്ന് ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.