നിക്കരാഗ്വ, ക്യൂബ എന്നിവയുൾപ്പെടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ ലംഘനങ്ങളിൽ നിസ്സംഗത പുലർത്തരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ ഫൗണ്ടേഷൻ (ACN). ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ സാഹചര്യത്തെ ആശ്രയിച്ച് അതിൽ മാറ്റമുണ്ടെന്ന് എസിഎൻ കൊളംബിയ ചൂണ്ടിക്കാട്ടി.

ഏറ്റവും ദരിദ്രരായ സമൂഹങ്ങളെ സഹായിക്കുന്ന കത്തോലിക്കാ ഫൗണ്ടേഷൻ, പീഡിപ്പിക്കപ്പെടുന്നവരും വിവേചനം നേരിടുന്നവരുമായ ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ച് ഇടക്കിടെ റിപ്പോർട്ടുകൾ പുറത്തുവിടാറുണ്ട്. “ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള നിക്കരാഗ്വയിലെ സാഹചര്യവും കത്തോലിക്ക സഭയെ ആക്രമിക്കുന്നതാണ്. അതുപോലെ തന്നെ രാജ്യത്തു നിന്നും മിഷനറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെ നിരവധി സന്യാസ സമൂഹങ്ങളെ പുറത്താക്കുകയും ചെയ്തു. മാതഗൽപയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ് അറസ്റ്റിലാവുകയും ഒരു കാരണവുമില്ലാതെ 26 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു” – കത്തോലിക്കാ ഫൗണ്ടേഷൻ പറയുന്നു.

ക്യൂബയിലും സമാനമായ സാഹചര്യങ്ങൾ നടക്കുന്നുണ്ട്. സർക്കാർവിരുദ്ധ പ്രതിഷേധത്തിനിടെ നിരവധി യുവാക്കളെയാണ് തടവിലാക്കിയിരിക്കുന്നത്. ചിലിയിലും സഭക്കെതിരായ അക്രമസംഭവങ്ങൾ നടക്കുന്നുണ്ട്. “എസിഎൻ തയ്യാറാക്കിയ 2021 ലോക മതസ്വാതന്ത്ര്യ റിപ്പോർട്ട് അനുസരിച്ച്, 2019 ഒക്‌ടോബറിനും 2020 ഒക്‌ടോബറിനും ഇടയിൽ, ചിലിയിൽ രാജ്യത്തുടനീളമുള്ള 59 പള്ളികളിൽ വിവിധ തരത്തിലുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ട്.”

വെനസ്വേലയിലും സമാനമായ സാഹചര്യങ്ങളുണ്ട്. പ്രതിസന്ധികൾക്കിടയിലും സഭ വളരെ സജീവമായി തുടരുകയും വിശ്വാസികളുടെ പിന്തുണയോടെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.