ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) യുടെ ഹൂസ്റ്റൺ കൺവൻഷനിൽ കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ് സംഗീത നിശ ഒരുക്കും . പുതിയ തലമുറയിൽ തരംഗമായി തീർന്ന ശ്രദ്ധേയ ബാൻഡാണ് തൈക്കുടം ബ്രിഡ്ജ് . ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇവരുടെ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സംഗീത സ്നേഹികളായ ആബാല വൃദ്ധം ജനങ്ങളെയും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിക്കുന്ന ശബ്ദ താള വാദ്യ വിന്യാസം ഇവരുടെ പ്രത്യേകതയാണ്.
യുവാക്കൾക്കും വനിതകൾക്കും പ്രത്യേക പ്രാധാന്യം നൽകി രൂപീകരിക്കപ്പെട്ടു മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള റോയൽ സൊണസ്റ്റാ കൺവൻഷൻ സെന്ററിൽ നടക്കും. ഗ്ലോബൽ കൺവൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത് മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദനാണ്.
മന്ത്ര ഗ്ലോബൽ കൺവൻഷനുള്ള തയാറെടുപ്പുകൾ ഹൂസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു .വിവിധ കമ്മിറ്റികളിലായി പ്രായ ഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ ഇതിനായി പ്രവർത്തിക്കുന്നു . സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ കൺവൻഷൻ .