ഹൈദരാബാദ്: നന്ദമൂരി കുടുംബം തെലുങ്ക് സിനിമയിലെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഇവരുടെ സാന്നിധ്യമുണ്ട്. അടുത്തിടെ ഈ കുടുംബത്തിന്‍റെ ശക്തി തെളിയിക്കുന്ന ചടങ്ങാണ് എന്‍ടിആറിന്‍റെ നൂറാം ജന്മദിന ആഘോഷമായി ഹൈദരാബാദില്‍ നടന്നത്. ചന്ദ്രബാബു നായിഡുവും, എന്‍ടിആറിന്‍റെ മകന്‍ ബാലകൃഷ്ണയുമാണ് ചടങ്ങിന്‍റെ പ്രധാന സംഘാടകരായത്.

എന്നാല്‍ ഒരാളുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. ജൂനിയര്‍ എന്‍ടിആര്‍ ചടങ്ങിന് എത്തിയില്ല. മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ എന്‍ടിആറിന്‍റെ കൊച്ചുമകനാണ് താരക് എന്ന് അറിയപ്പെടുന്ന ജൂനിയര്‍ എന്‍ടിആര്‍. എന്‍ടിആറിന്‍റെ നാലമത്തെ മകന്‍ ഹരികൃഷ്ണയുടെ മകനാണ് താരക്. നന്ദമൂരി കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുത്തിട്ടും ജൂനിയര്‍ എന്‍ടിആര്‍ എത്താത്തത് ആന്ധ്രയിലും തെലങ്കാനയിലും ചര്‍ച്ചയാകുന്നുണ്ട്. 

ജന്മദിനവുമായി ബന്ധപ്പെട്ട തിരക്കുകളും, അത് സംബന്ധിച്ച് നേരത്തെ നിശ്ചയിച്ച പരിപാടികളുമാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അസാന്നിധ്യത്തിന് കാരണം എന്നാണ് ഔദ്യോഗികമായി അറിയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.

ബാലകൃഷ്ണയുമായി വളരെക്കാലമായി അത്ര സുഖത്തില്‍ അല്ല ജൂനിയര്‍ എന്‍ടിആര്‍. അതാണ് അസാന്നിധ്യത്തിലേക്ക് അയച്ചത്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും ബാലകൃഷ്ണ നേരിട്ടും ഫോണിലൂടെയും ക്ഷണിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആറിനെ ക്ഷണിച്ചില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.

അതേ സമയം നേരത്തെ തന്നെ ജൂനിയര്‍ എന്‍ടിആര്‍ ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചിരുന്നു. പകരം വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ വീഡിയോ സന്ദേശം നല്‍കാം എന്ന് അറിയിച്ചു. പക്ഷെ നേരിട്ട് വരാത്തവരുടെ വീഡിയോ കാണിക്കേണ്ടതില്ലെന്ന നിലപാടാണ് ബാലകൃഷ്ണ എടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അടുത്തിടെ അന്തരിച്ച നന്ദമൂരി കുടുംബ അംഗവും രാഷ്ട്രീയ നേതാവുമായി നന്ദമൂരി താരക് രത്നത്തിന്‍റെ അന്ത്യചടങ്ങുകളില്‍ ഒന്നിച്ച് എത്തിയ ജൂനിയര്‍ എന്‍ടിആറും ബാലകൃഷ്ണയും തമ്മില്‍ ഒന്ന് നോക്കാതിരുന്നത് പോലും വലിയ വാര്‍ത്തയായിരുന്നു. 
അതേ സമയം ഓസ്കാര്‍ വിജയം നേടിയ ചിത്രത്തില്‍ അടക്കം അഭിനയിച്ച് താരതിളക്കത്തില്‍ നില്‍ക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ വേദിയില്‍ എത്തുന്നത് തങ്ങളുടെ പ്രധാന്യം കുറയ്ക്കുമോ എന്ന ബാലകൃഷ്ണയുടെയും ചന്ദ്രബാബു നായിഡുവിന്‍റെയും ചിന്തയാണ് താരകിനെ അകറ്റിയതെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.