കണ്ണൂർ:രണ്ടായിരം രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കുന്ന ആർ.ബി.െഎ. ഉത്തരവ് വന്നതോടെ നോട്ട് മാറ്റിയെടുക്കാൻ വൻതിരക്ക്. സെപ്റ്റംബർ 30 വരെ നോട്ട് മാറ്റിവാങ്ങാമെങ്കിലും എത്രയും വേഗം കൈവശമുള്ള നോട്ട് ചില്ലറയാക്കാനുള്ള തത്രപ്പാടിലാണ് ആളുകൾ. ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പെട്രോൾ പമ്പ് ജീവനക്കാരാണ്. നൂറ് രൂപയ്ക്കോ ഒരു ലിറ്ററോ ഇന്ധനം നിറയ്ക്കാനെത്തുന്നവരിൽ പലരും പെട്രോൾ പമ്പ് ജീവനക്കാർക്ക് കൊടുക്കുന്നത് 2000 രൂപയുടെ നോട്ടാണ്. ഇതു കാരണം ബാക്കി നൽകാൻ കഷ്ടപ്പെടുകയാണ് പമ്പ് ജീവനക്കാർ.

രണ്ടായിരം രൂപ പിൻവലിച്ചുള്ള ഉത്തരവ് വരുന്നതിന് മുൻപേ 2000 രൂപ പമ്പുകളിൽ കൊണ്ടുവരുന്നത് വിരളമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. കള്ളനോട്ട് കണ്ടുപിടിക്കുന്നതിനായി പമ്പുകളിൽ നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായവും തേടുന്നുണ്ട്.

കേരളത്തിൽ ബിവറേജസ് കോർപ്പറേഷൻ നിലവിൽ 2000-ന്റെ നോട്ടുകൾ സ്വീകരിക്കുന്നില്ലെങ്കിലും മാഹി മേഖലയിലെ മദ്യശാലകളിൽ ഇവ സ്വീകരിക്കുന്നുണ്ട്. ഇക്കാരണത്താൽ മദ്യശാലകളിലും രണ്ടായിരത്തിന്റെ നോട്ടുകളുടെ കുത്തൊഴുക്കാണ്. രണ്ടുലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക്‌ 2000 രൂപ നോട്ടുകൾ വൻകിട-ഇടത്തരം ജൂവലറികളിലും വസ്ത്രാലയങ്ങളിലും സ്വീകരിക്കുന്നുണ്ട്.

എന്നാൽ മാറ്റിവാങ്ങേണ്ട ബുദ്ധിമുട്ട് കാരണം ചെറുകിട കച്ചവടക്കാരിൽ മിക്കവരും ഇത് വാങ്ങാറില്ല. എസ്.ബി.െഎ.യുടെ പ്രധാന ശാഖകളിലുൾപ്പെടെ 2000 രൂപയുടെ നോട്ട് മാറ്റിനൽകാൻ പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടില്ല. ബാങ്കുകളിൽ ഇൗ ആവശ്യവുമായെത്തുന്നവർ ഏറെയില്ലെങ്കിലും വരുംദിവസങ്ങളിൽ സ്ഥിതി മാറാനാണ് സാധ്യത.

ബാങ്ക് ശാഖകളിൽ നോട്ട് മാറ്റിവാങ്ങുന്നതിന് തിരിച്ചറിയൽരേഖയോ അപേക്ഷാഫോമോ ആവശ്യമില്ല. ഒരുതവണ 2000 രൂപയുടെ 10 നോട്ടുകൾവരെ ഇത്തരത്തിൽ മാറ്റിവാങ്ങാം. ട്രഷറികളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുമെങ്കിലും ബാങ്കുകളിലേതുപോലെ മാറ്റി പകരം മറ്റ് നോട്ടുകൾ നൽകുന്നില്ല. കെ.എസ്.ആർ.ടി.സി.യും. 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.