ലക്‌നൗ: കുറ്റകൃത്യങ്ങൾക്ക് തടയിടുകയെന്നത് തന്റെ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും ഊന്നിപ്പറയാറുണ്ട്. പൊലീസ് ഏറ്റുമുട്ടലുകളും കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും ഉത്തർപ്രദേശിനെ കുറ്റകൃത്യരഹിതമാക്കാൻ ശ്രമിക്കുന്ന ഒരു കടുത്ത സർക്കാരെന്ന നിലയിൽ സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ച് മുതൽ ഇന്നുവരെ 186 ഏറ്റുമുട്ടലുകൾ സംസ്ഥാനത്ത് നടന്നതായി ഇന്ത്യൻ എക്‌സ്പ്രസ് പരിശോധിച്ച പൊലീസ് രേഖകൾ നിന്ന് വ്യക്തമാണ്. ഓരോ 15 ദിവസം കൂടുമ്പോഴും ഒന്നിലധികം കുറ്റവാളികൾ പൊലീസിനാൽ കൊല്ലപ്പെടുന്നു. ഈ ആറ് വർഷത്തിനുള്ളിൽ, പൊലീസ് വെടിവയ്പിൽ പരുക്കേറ്റവരുടെ (സാധാരണയായി കാലിൽ) എണ്ണം 5,046 ആയി ഉയർന്നിട്ടുണ്ട്. ഓരോ 15 ദിവസത്തിലും 30-ലധികം കുറ്റവാളികൾക്ക് വെടികൊണ്ട് പരുക്കേൽക്കുന്നു.

പൊലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 186 പേരുടെ പട്ടിക പരിശോധിച്ചാൽ 96 ക്രിമിനലുകൾ കൊലക്കേസുകളിൽപെട്ടവരാണ്. അവരിൽ രണ്ട് പേർ പീഡനം, കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. 2016 നും 2022 നും ഇടയിൽ, കുറ്റകൃത്യങ്ങളിൽ കുത്തനെ ഇടിവ് ഉണ്ടായതായി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു: ഔദ്യോഗിക രേഖകൾ പ്രകാരം മോഷണ കേസുകളിൽ 82%, കൊലപാതക കേസുകളിൽ 37% കുറവും.

എന്നാൽ ചിലർ ഇതിനെ പൊലീസ് ഏറ്റുമുട്ടലുകളുമായി ബന്ധിപ്പിക്കുന്നു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനോ കൊടും കുറ്റവാളികളെ ഒതുക്കുന്നതിനോ വേണ്ടിയുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമല്ല പൊലീസ് ഏറ്റുമുട്ടലുകളെന്നാണ് ഈ കണ്ടെത്തലുകളെക്കുറിച്ച് ചോദിച്ചപ്പോൾ യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

ഏറ്റുമുട്ടൽ മരണങ്ങളിൽ ഭൂരിഭാഗവും ഫലപ്രദമായും ചോദ്യം ചെയ്യപ്പെടാതെയും വെല്ലുവിളികളില്ലാതെയും നടക്കുന്നതായി രേഖകൾ കാണിക്കുന്നു. പൊലീസ് ഏറ്റുമുട്ടലിനെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം നിർബന്ധമാണ്. എന്നാൽ, 161 കേസുകൾ ആരുടെയും എതിർപ്പുകളില്ലാതെ തീർപ്പാക്കിയതായി രേഖകൾ കാണിക്കുന്നു.

ഒരു മജിസ്‌ട്രേറ്റ് അന്വേഷണത്തിൽ, ഏറ്റുമുട്ടലിൽ ഏർപ്പെട്ട പൊലീസുകാരുടെയും മൊഴി നൽകാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളുടെയും മൊഴി രേഖപ്പെടുത്തുകയും കണ്ടെത്തലുകളുടെ റിപ്പോർട്ട് മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിക്കുകയും വേണം. എന്നാൽ, ഈ 161 കേസുകളിൽ ഒന്നിന്റെയും (25 ഇപ്പോഴും കെട്ടിക്കിടക്കുന്നു), മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോർട്ടിൽ പ്രതികൂലമായ അഭിപ്രായങ്ങളൊന്നും പരാമർശിച്ചിട്ടില്ല.

പൊലീസ് കൊലപ്പെടുത്തിയ കുറ്റവാളി (കൾ)ക്കെതിരെ കേസ് ഫയൽ ചെയ്യുന്നതും കോടതിയിൽ ഒരു ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് ഓരോ ഏറ്റുമുട്ടലിനുശേഷമുള്ള മറ്റൊരു നടപടിക്രമം. 186 ഏറ്റുമുട്ടലുകളിൽ 156 എണ്ണത്തിലും പൊലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ 141 കേസുകളിൽ ഇവ അതാത് കോടതികൾ സ്വീകരിച്ചു; 15 എണ്ണം കെട്ടിക്കിടക്കുന്നു. ബാക്കിയുള്ള 30 കേസുകളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

മീററ്റ് സോണിനു കീഴിലുള്ള ജില്ലകളിൽവച്ചാണ് ഇവരിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 65 കുറ്റവാളികൾ പൊലീസിനാൽ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഏറ്റുമുട്ടൽ ഡാറ്റകളുടെ സൂക്ഷ്മപരിശോധന കാണിക്കുന്നു. വാരണാസിയിൽവച്ച് 20 പേരും ആഗ്രയിൽവച്ച് 14 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മാർച്ചിനും 2023 ഏപ്രിലിനും ഇടയിൽ ഏറ്റുമുട്ടലിൽ 5,046 കുറ്റവാളികളുടെ കാലുകളിൽ വെടിയേറ്റിട്ടുണ്ടെന്നാണ് ‘ഓപ്പറേഷൻ ലാങ്ഡ’യുടെ (കുറ്റവാളിയുടെ കാലിൽ വെടിവച്ച് പരിക്കേൽപ്പിക്കുക) രേഖകൾ കാണിക്കുന്നത്. ഇതിലും മീററ്റ് സോൺ പട്ടികയിൽ ഒന്നാമതെത്തി, 1,752 പ്രതികൾക്കാണ് പൊലീസ് വെടിവയ്പിൽ പരുക്കേറ്റത്.

എന്തുകൊണ്ടാണ് മീററ്റ് ഈ ലിസ്റ്റുകളിൽ ആധിപത്യം സ്ഥാപിച്ചതെന്ന് ചോദിച്ചപ്പോൾ, പടിഞ്ഞാറൻ യുപി പരമ്പരാഗതമായി കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞത്.

2017 മാർച്ച് മുതൽ 2023 ഏപ്രിൽ വരെയുള്ള ആറുവർഷ കാലയളവിൽ 13 പൊലീസുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1,443 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട 13 പൊലീസുകാരിൽ ഒരാളും പരുക്കേറ്റ 405 പൊലീസുകാരും മീററ്റ് മേഖലയിൽ നിന്നുള്ളവരാണ്.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2017 മാർച്ച് 31നായിരുന്നു വെടിയേറ്റ് ആദ്യത്തെ കുറ്റവാളി മരിക്കുന്നത്. സഹരൻപൂരിലെ നംഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദൻപൂർ ഗ്രാമത്തിലെ താമസക്കാരനായ ഗുർമീത് ആണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. മേയ് 14 ന് കാൺപൂർ സോണിന് കീഴിലുള്ള ജലൗനിൽ പൊലീസ് കോൺസ്റ്റബിൾ ബേദ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷ് ചന്ദ്ര (27), രമേഷ് (40) എന്നിവരെ കൊലപ്പെടുത്തിയതാണ് അടുത്തിടെ നടന്ന പൊലീസ് ഏറ്റുമുട്ടൽ. ഇരുവരെയും പിന്തുടരുന്നതിനിടെ മേയ് ഒൻപതിനാണ് സിങ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.