സിഡ്നി: സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് പുതിയ കുടിയേറ്റ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഓസ്ട്രേലിയയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരുരാജ്യങ്ങൾക്കുമിടെ വിദ്യാർത്ഥികൾ, അക്കാഡമിക് വിദഗ്ദ്ധർ, പ്രൊഫഷണലുകൾ, ഗവേഷകർ, വ്യവസായികൾ തുടങ്ങിയവരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതാണ് ഉടമ്പടി.

മനുഷ്യക്കടത്ത് തടയാനുള്ള സഹകരണം വർദ്ധിപ്പിക്കാനും ധാരണയിലെത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ടി – 20 ക്രിക്ക​റ്റ് പോലെയാണെന്ന് മോദി പറഞ്ഞു. മോദിയുടെ സന്ദർശനത്തിലൂടെ ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധം കൂടുതൽ ദൃഢമായെന്ന് ആൽബനീസും പ്രതികരിച്ചു.

കുടിയേറ്റത്തിന് പുറമേ, വ്യാപാരം, വാണിജ്യം, സാങ്കേതിക വിദ്യ, ഖനനം, ഊർജ്ജം തുടങ്ങി പതിനൊന്ന് വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ക്ലീൻ എനർജി മേഖലയിലെ സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്രീൻ ഹൈഡ്രജൻ ടാസ്ക് ഫോഴ്സിന് രൂപം നൽകാനും ധാരണയായി. ഇരുരാജ്യങ്ങളും മന്ത്രിതല ചർച്ചകളിലൂടെ ഇതിൽ കൂടുതൽ തീരുമാനമെടുക്കും.

ബ്രിസ്ബെയ്‌നിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുറക്കും. നിലവിൽ പെർത്ത്, മെൽബൺ, സിഡ്നി എന്നീ നഗരങ്ങളിലാണ് ഇന്ത്യൻ കോൺസുലേറ്റുള്ളത്. ബംഗളൂരുവിൽ കോൺസുലേറ്റ് തുറക്കുമെന്ന് ഓസ്ട്രേലിയയും അറിയിച്ചു.

ഓസ്ട്രേലിയൻ ഗവർണർ – ജനറൽ ഡേവിഡ് ഹർ‌ലി, പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ തുടങ്ങിയവരുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഓസ്ട്രേലിയയിലെത്തിയ മോദി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങി.