ന്യൂഡൽഹി: തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഡൽഹി മുൻ ആരോഗ്യമന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ പരിക്കേറ്റ സ​ത്യേന്ദർ ജെയിനിനെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജയിലിലെ ഏഴാം നമ്പർ സെല്ലിൽ കഴിഞ്ഞിരുന്ന ജെയിൻ വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സെല്ലിൽ തളർന്നുവീണതെന്ന് ജയിൽ മേധാവി പറഞ്ഞു. ഇടതു കാലിനും ഷോൾഡറിനും വേദനയുള്ളതായാണ് ജെയിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ.എ.പി നേതാക്കൾ ആരോപിച്ചിരുന്നു. നട്ടെല്ല് വേദനയും ശരീരത്തിന് ബലക്കുറവും അടക്കമുള്ള പ്രശ്‌നങ്ങൾ ജെയിനിനെ അലട്ടിയിരുന്നതായി മറ്റു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.