സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുളള ഒരു സംഘടനയെയും നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മടിക്കില്ലെന്ന് 
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ‘മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍  അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും’  പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.

മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 224 ല്‍ 135 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇപ്പോള്‍, സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന പാര്‍ട്ടി വാഗ്ദാനം ഒരിക്കല്‍കൂടി  ആവര്‍ത്തിച്ചിരിക്കുകയാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ