സൗദി: തൊഴിൽ വിസ പതിച്ച് നൽകുന്നതിന് വിരലടയാളം നിർബന്ധമാക്കി സൗദി. മേയ് 29 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. ഇനി മുതൽ സൗദിയിൽ നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം മുംബൈ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച നിർദ്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്.
മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ ഇനിമുതൽ പരിഗണിക്കില്ല.

തൊഴിൽ വിസയിൽ സൗദിയിലേക്ക് പോകുന്നവർ കൂടി വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തേണ്ടി വരുമ്പോൾ ഇവിടെ തിരക്ക് ഇനി കൂടും. വിസിറ്റ് വിസക്കാർക്ക് തന്നെ ഓൺലൈൻ അപ്പോയിൻമെന്റ് വൈകിയാണ് ഇപ്പോൾ കിട്ടുന്നത്. പെട്ടെന്ന് ലഭിക്കണമെങ്കിൽ പ്രീമിയം ലോഞ്ച് എടുക്കണം. ഇതിനായി അപേക്ഷിക്കണമെങ്കിൽ അഞ്ചിരട്ടി ചെലവ് വരും.

വിരലടയാളം നൽകണമെന്ന വിസ നിയമത്തിലെ പുതിയ മാറ്റം സൗദിയിലേക്കുള്ള സന്ദർശകരെയും തൊഴിലാളികളെയും ഒരുപോസെ പ്രതിസന്ധിയിലാക്കുന്നതാണ്. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രശ്നങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും കോൺസുലേറ്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടിണ്ടെന്നും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് ട്രാവൽ ഏജൻസികളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.