ഭാവിയിൽ ശുഭ്‌മാൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. അന്താരാഷ്‌ട്ര രംഗത്ത് ഇന്ത്യയുടെ ഭാവി തലമുറയെക്കുറിച്ച് സ്‌റ്റാർ സ്‌പോർട്‌സിൽ മനസ് തുറന്ന ഹർഭജൻ, മികച്ച പ്രതിഭയുള്ളവർ ധാരാളമുള്ളതിനാൽ മെൻ ഇൻ ബ്ലൂവിന്റെ ഭാവി ശോഭനമാണെന്ന് പറഞ്ഞു. ഐപിഎൽ 2023ലെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരൻ യശസ്വി ജയ്‌സ്വാളാണെന്ന് ഹർഭജൻ പറഞ്ഞു, കൂടാതെ ദേശീയ ടീമിനായി കളിക്കാൻ താരത്തിന് കഴിവുണ്ടെന്നും പറഞ്ഞു.

“നമ്മൾ ബാറ്റർമാരെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ശുഭ്‌മാൻ ഗില്ലിന് കഴിവുണ്ടെന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹത്തോടൊപ്പം, യശസ്വിക്കും ഇന്ത്യയുടെ ഭാവിയാകാനുള്ള കഴിവുണ്ടെന്ന് ഞാൻ കരുതുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനാണ് യശസ്വി, വരും വർഷങ്ങളിൽ അദ്ദേഹം തീർച്ചയായും ടീം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ഞാൻ കരുതുന്നു. ശുഭ്‌മാൻ ഗില്ലും ഉണ്ടാകും, ഒരുപക്ഷേ അദ്ദേഹം ക്യാപ്റ്റനാവും” ഹർഭജൻ സ്‌റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് 2023ൽ അൺക്യാപ്പ്ഡ് ഇന്ത്യൻ യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ജിതേഷ് ശർമ്മ, റിങ്കു സിംഗ്, തിലക് വർമ്മ തുടങ്ങിയ താരങ്ങൾ സീസണിൽ ശക്തമായ സ്വാധീനം ചെലുത്തി.

“നമുക്ക് നിലവിലെ ഫോം നോക്കുകയാണെങ്കിൽ, നമുക്ക് യുവ നിരയെയാണ് പരിഗണിക്കുന്നതെങ്കിൽ, ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷൻ യശസ്വിയാണ്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിൽ നമ്മൾ തോറ്റപ്പോൾ, യുവാക്കളെചേർത്ത് ഒരു ടീമിനെ കെട്ടിപ്പടുക്കണമെന്ന് ഒരുപാട് ആവശ്യങ്ങൾ ഉയർന്നിരുന്നു. ടീമിൽ നിന്ന് ആരെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് ആരുടെയും പേര് പറയാതെ, ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, ശുഭ്മാൻ ഗിൽ എന്നിവരെ ഒക്കെ ചേർത്ത് ഒരു പുതിയ ടീം ഉണ്ടാക്കണമെന്ന് ഞാൻ കരുതുന്നു” ഹർഭജൻ ഭാവി താരങ്ങളെ കുറിച്ച് മനസ് തുറന്നു.

രോഹിത് ശർമ്മയിൽ നിന്ന് ഹർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും ഇന്ത്യയ്ക്ക് പുതിയ ടീമിനെ ലഭിക്കണമെന്നും മുൻ സ്‌പിന്നർ പറഞ്ഞു. “ഹർദിക് ക്യാപ്റ്റനാകണം, യശസ്വിയും ഗില്ലും ബാറ്റിംഗ് ഓപ്പൺ ചെയ്യണം, റുതുരാജ് ഗെയ്‌ക്‌വാദ്, റിങ്കു സിംഗ്, തിലക് വർമ്മ, നിതീഷ് റാണ എന്നിവർക്കൊപ്പം ഈ ടീമിന് വളരെയധികം സാധ്യതകൾ ഉണ്ടാകും” ഹർഭജൻ പറഞ്ഞു.