മലപ്പുറം കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളില്‍ കുടുങ്ങിയ രണ്ട്‌പേരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അജ്മല്‍ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തിരിച്ചിറക്കിയത്. 

കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കല്‍ സ്വദേശികളായ 3 പേര്‍ ചേര്‍ന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളില്‍ വെള്ളം കയറിയതോടെ രണ്ടു പേര്‍ പാറക്കെട്ടില്‍ വഴുതി വീഴുകയായിരുന്നു. ഇവര്‍ക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതായി. തുടര്‍ന്ന് താഴെ എത്തിയ മൂന്നാമന്‍ ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.

പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് സൂചന. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.