കേരളത്തിലെ റവന്യു വകുപ്പ് അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. വില്ലേജ് ഓഫീസ് മുതല്‍ കമ്മീഷണറേറ്റ് വരെ നീളൂന്ന സംസ്ഥാനത്തെ റവന്യു അധികാര കേന്ദ്രങ്ങളില്‍ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമായിരിക്കുകയാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ അഴിമതി താരതമ്യേന കൂടുതല്‍ ആണെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജിലന്‍സിന്റെ കണക്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പാണ് റവന്യു.വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകര്‍പ്പ് തുടങ്ങി കോഴമറിയാത്ത ഒരു കാര്യവും റവന്യു വകുപ്പില്‍ ഇല്ലന്ന് തന്നെ പറയാം.

ഈ വര്‍ഷം മാത്രം കൈക്കൂലിക്കേസില്‍ ഏതാണ്ട് പത്തോളം റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞകൊല്ലം 12 പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നിയന്ത്രണാതീതമായ അഴിമതിയുടെ പേരില്‍ ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസിലെ എല്ലാ ജീവനക്കാരെയും കൂട്ട സ്ഥലം മാറ്റത്തിന് വിധേയമാക്കേണ്ടി വന്നു. വസ്തു സംബന്ധമായ പല കേസുകളെയും അപ്പലേറ്റ് അതോറിറ്റിയാണ് റവന്യു ഡിവിഷണല്‍ ഓഫീസര്‍. ഫോര്‍ട്ട് കൊച്ചി ആര്‍ ഡി ഒ ഓഫീസിലേക്ക് ജനങ്ങള്‍ പോകാത്ത അവസ്ഥയുണ്ടായപ്പോഴാണ് സര്‍ക്കാരിന് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത് . അവിടെ ഒരു ഉദ്യോഗസ്ഥന്‍ ഹൗസിംഗ് ലോണിന്റെ ഇ എം ഐ വരെ കൈക്കൂലിയായിട്ട് വാങ്ങിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കൈക്കൂലിക്കേസില്‍ പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ എഴുപത് ശതമാനം ആളുകളും റവന്യവകുപ്പില്‍ നിന്നുള്ളവരാണ്.

ഭൂമി സംബന്ധമായ കേസുകളില്‍ അനാവിശ്യമായ കാലതാമസം വരുത്തുക എന്നതാണ് റവന്യു വകുപ്പിലെ കൈക്കൂലിയുടെ പ്രധാന ഉറവിടം. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കോഴ നല്‍കിയാലേ ഭൂമിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും നടക്കൂ എന്ന അവസ്ഥയാണ്. 95 ശതമാനം ആളുകളും ചോദിക്കുന്ന കാശ് കൊടുത്തു കാര്യം നടത്തിയെടുക്കുകയും പരാതിപ്പെടാന്‍ പോകാതിരിക്കുകയുമാണ് ചെയ്യുന്നത്. വടക്കന്‍ജില്ലകളില്‍ കൂടുതലായും വിരമിച്ച റവന്യു ഓഫീസര്‍മാര്‍ നടത്തുന്ന സമാന്തര വില്ലേജോഫീസുകളാണ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്തുന്നത്. ഇവര്‍ വഴി ചെന്നാലേ വില്ലേജോഫീസുകളില്‍ ചെറിയ കടലാസ് പോലും നീങ്ങു എന്ന അവസ്ഥയാണ്.

പാലക്കാട് മണ്ണാര്‍ക്കാട് ഇന്നലെ അറസ്റ്റിലായ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് പോലും പോകാതിരുന്നയാളാണ്.പാലക്കാട് കണ്ണൂര്‍ ജില്ലയില്‍ തഹസീല്‍ദാരായി വിരമിച്ച ഒരാള്‍ ഇപ്പോള്‍ വയനാട്ടില്‍ ഫാം ഹൗസും ഹോം സ്‌റ്റേയും നടത്തുകയാണ്. എന്ത് കൈക്കൂലി കിട്ടിയാലും വാങ്ങിക്കുന്ന നിലയിലാണ് ചിലര്‍.

ആലപ്പുഴ ജില്ലയില്‍ഭൂമിയില്‍ തരം മാറ്റത്തിന് അപേക്ഷ നല്‍കിയ വീട്ടമ്മയില്‍ നിന്നും പണം കിട്ടാന്‍ കാര്യമായ മാര്‍ഗം ഇന്നല്ലെന്നറിഞ്ഞപ്പോള്‍ ആഴ്ചയില്‍ മുടങ്ങാതെ തനിക്ക് നാടന്‍ കോഴിമുട്ടകള്‍ എത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയതത്രെ. ഈ സംഭവം വിജിലന്‍സിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ദശാബ്ദങ്ങളായി  താമസിക്കുന്ന ഭൂമി മകളുടെയോ മകന്റെയോ കല്യാണത്തിന്റെ ആവശ്യത്തിനായി വില്‍ക്കാന്‍ വേണ്ടി ഭൂനികുതി ഓണ്‍ ലൈനില്‍ അടച്ചാല്‍, ഭൂമിയുടെ തരം ‘നിലം’ എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക.

പിന്നെ ദുരിതം തുടങ്ങുകയായായി. കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, തുടങ്ങി എല്ലാ ഓഫീസുകളിലും കൈക്കൂലി കൊടുക്കേണ്ടി വരും.