ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തെ പിന്തുണച്ച് കെടി ജലീല്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ടിവിയിലും ‘ഏഷ്യാനെറ്റി’ലും വന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. മലയാള പത്രങ്ങളിലും ഇതുപോലെ അല്‍ഭുതകരമായ സാമ്യത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നേടത്ത് ഉണ്ടായത് താനോക്കുന്നുണ്ടെന്ന് ജലീല്‍ പറയുന്നു.

ഒരു കേന്ദ്രത്തിലിരുന്ന് ഒരാള്‍ തയ്യാറാക്കുന്ന വാര്‍ത്തകളാണ് ചാനലുകളിലും പത്രങ്ങളിലും ഇടതുപക്ഷത്തിനും സി.പി.ഐ.എമ്മിനുമെതിരെ വരുന്നതെന്ന കൗതുകം പലരും അന്ന് പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഔദ്യോഗികമായിത്തന്നെ ലഭിച്ചത് കേരളത്തിനാണ്.

ആ കേരളത്തെയാണ് അഴിമതിയുടെ കേന്ദ്രമായി യു.ഡി.എഫ്-ബി.ജെ.പി-ദൃശ്യ-ശ്രവ്യ മാധ്യമ മഹാസഖ്യം ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതേക്കുറിച്ചാണ് ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്ന് മുമ്പ് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് ഹാലിളകിയ എല്ലാവര്‍ക്കുമായി പി.വി അന്‍വര്‍ പുറത്തുവിട്ട ക്ലിപ്പിംഗ് സമര്‍പ്പിക്കുന്നുവെന്ന് ജലീല്‍ പറഞ്ഞു.

പിവി അന്‍വര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം.

വി.ഡി.സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഡാലോചന;തെളിവുകള്‍ പുറത്ത് വിടും’എന്ന് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.സര്‍ക്കാരിനെതിരെ ഈ കേന്ദ്രത്തില്‍ നിന്നാണു വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നത്.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാപ്രകള്‍ ഈ നാട്ടിലുണ്ട്.
ഏഷ്യാനെറ്റില്‍,മനോരമയില്‍,
മാതൃഭൂമിയില്‍,എന്ന് വേണ്ട കേരള കൗമുദിയില്‍ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത്,പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ഒരു അവിശ്വാസ പ്രമേയം പോലും എഴുതികൊടുത്തത് ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തിചര്‍ച്ച മാപ്രയും കണ്ണാടി വച്ച അദ്ദേഹത്തിന്റെ ഗുരുനാഥനും കൂടിയാണ്.
അങ്ങനെ അനവധി നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.ആരൊക്കെ,എത്രയൊക്കെ വച്ച് മാസപ്പടി വാങ്ങുന്നുണ്ടെന്നും കൃത്യമായ വിവരം കൈയ്യിലുണ്ട്.അത് പിന്നാലെ പുറത്ത് വിടുകയും ചെയ്യും.
ഒരു സാമ്പിള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു..
സര്‍ക്കാരിനെതിരെ ഏഷ്യാനെറ്റും,ജയ്ഹിന്ദ് ചാനലും തയ്യാറാക്കി സംപ്രക്ഷേപണം ചെയ്ത പരിപാടികളുടെ വീഡിയോ നമ്മള്‍ക്കൊന്ന് താരതമ്യം ചെയ്യാം.
സ്‌ക്രിപ്റ്റിലെ ഒരു വാക്ക് പോലും മാറിയിട്ടില്ല..
നാലഞ്ച് ദിവസം മുന്‍പ്,സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം സര്‍ക്കാരിനെതിരെ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി അതാത് മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏല്‍പ്പിക്കുന്നു.പലരും ഡയലോഗുകള്‍ മാറ്റി എഴുതി വായിച്ചെങ്കിലും,ഏഷ്യാനെറ്റും ജയ്ഹിന്ദും അതിന് പോലും ശ്രമിച്ചില്ല.
(വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ.ഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്.)
മറുപടി പറയേണ്ടത് ഏഷ്യാനെറ്റിന്റെയും ജയ്ഹിന്ദിന്റെയും മാനേജ്മെന്റാണ്..
പ്രതിപക്ഷ നേതാവിന്റെ ഓഫീസും..