ഏറണാകുളത്ത് വാടക വീടിനായി നടത്തിയ തിരച്ചിലിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി ഷാജികുമാര്‍. കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞെന്നാണ് അദേഹം ആരോപിക്കുന്നത്.

പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍നിന്ന് കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരില്‍ തൂക്കിയ യേശു തന്നോട് പറഞ്ഞെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാര്‍ഡും കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ അവാര്‍ഡും അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം ടേക്ഓഫ്, പുത്തന്‍ പണം, കന്യക ടാക്കീസ്, ദ ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് ഷാജികുമാര്‍.