ഓഹരി വിപണിയില്‍ കുതിച്ച് അദാനിയുടെ ഷെയറുകള്‍. തുടര്‍ച്ചയായ രണ്ടാം ദിനവും അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെയറുകള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചിട്ടുണ്ട്. അദാനി എന്റര്‍പ്രൈസാണ് ഏറ്റവും മുന്നില്‍ കുതിക്കുന്ന ഓഹരി. 13.22 ശതമാനത്തോളം ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍, ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികള്‍ ഇന്നലെ മുതല്‍ കുതിച്ച് തുടങ്ങിയത്.

അദാനി വില്‍മര്‍ 9.99 ശതമാനം വര്‍ധിച്ച് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചത്. അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി എന്നിവ അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണുള്ളത്. എന്‍ഡിടി പുതി ഒന്‍പത് പ്രദേശിക ചാനലുകള്‍ പ്രഖ്യാപിച്ചതും എന്‍ഡിടിവിയുടെ ഓഹരികള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.

എന്‍ഡിടിവി 24ഃ7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവയ്ക്ക് പുറമെയാണ് പുതിയ ചാനലുകള്‍ ആരംഭിക്കുക. എന്‍ഡിടിവിയെ മള്‍ട്ടി-പ്ലാറ്റ്ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗൗതം അദാനിയുടെ പുതിയ പ്രഖ്യാപനം.