ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് നിര്‍ണായക വിധിയുമായി മുംബൈ കോടതി. പൊലീസിനെതിരെ യുവതി നല്‍കിയ പരാതി പരിഗണിച്ചുകൊണ്ടാണ് കോടിയുടെ വിധി. ലൈംഗികത്തൊഴില്‍ നടത്തിയതിന് റെയ്ഡില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായായ യുവതിയെ സ്വതന്ത്രയാക്കികൊണ്ടാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്.

ലൈംഗികത്തൊഴില്‍ കുറ്റകരമാകുന്നത് പൊതുസ്ഥലത്ത് ഒരാള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ട് മറ്റുള്ളവര്‍ക്കു ശല്യമാകുമ്പോഴാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതി ഉടന്‍ മോചിപ്പിക്കണം. പൊലീസ് കസ്റ്റഡിയിലായ യുവതിയെ ഷെല്‍ട്ടര്‍ ഹോമില്‍ ഒരു വര്‍ഷത്തോളം സംരക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ ആയിരുന്നു ഹര്‍ജി. മുളുന്ദില്‍ ഫെബ്രുവരിയില്‍ നടന്ന റെയ്ഡിലാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.

യുവതിക്ക് 34 വയസുണ്ട്, അകാരണമായാണ് തടവിലാക്കിയതെങ്കില്‍ അവകാശം ഹനിക്കപ്പെട്ടെന്നു പറയേണ്ടി വരും. പൊതുസ്ഥലത്തു ലൈംഗികത്തൊഴില്‍ ചെയ്തതായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. യുവതിക്ക് ഇന്ത്യയില്‍ എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.