തനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കാറില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. അഭിനയം മാത്രമാണ് അറിയാവുന്ന തൊഴില്‍. ചലച്ചിത്രലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് പരസ്പരം ചളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്ത്തുന്നതും എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്.

ജീവിതമാര്‍ഗം വേറെയില്ല. എന്നിട്ടും കഷ്ടപ്പെട്ട് ജോലി ചെയ്താല്‍ പ്രതിഫലം ലഭിക്കാത്ത സാഹചര്യം സങ്കടകരമാണ്. ചലച്ചിത്ര ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് പരസ്പരം ചളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്ത്തുന്നതും.

ഇത്തരം രീതികള്‍ സിനിമാരംഗത്ത് ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ആശ്രയിച്ചു തന്നെയാണ് ഇപ്പോഴും മലയാള സിനിമ നിലനില്‍ക്കുന്നത്, അപ്പോള്‍ അവരുടെ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ല.

ഇതിനോടകം 70ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ തന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നത് എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. ‘പെണ്‍നടന്‍’ എന്ന ഏകാംഗ നാടകം അവതരിപ്പിക്കാനായി ഷാര്‍ജിയില്‍ എത്തിയപ്പോഴാണ് താരം സംസാരിച്ചത്.

ഇതിനൊപ്പം സിനിമാരംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ചും സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. സിനിമയില്‍ മയക്കുമരുന്ന് ഉപയോഗമടക്കം അരാജകത്വമുണ്ടെന്ന ടിനി ടോം അടക്കമുള്ള കലാകാരന്മാരുടെ അഭിപ്രായത്തോട് യോജിപ്പില്ല. തന്റെ അനുഭവത്തില്‍ അത്തരം സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്.