ജീവിതം മാറ്റിമറിച്ച അപകടത്തിനു ശേഷം കേവലം 6 ദിവസത്തെ ആയുസ്സാണ് ഷെറിൻ ഷഹാന എന്ന പെൺകുട്ടിക്ക് ഡോക്ടർമാർ വിധിയെഴുതിയത്. പക്ഷേ അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ആ പെൺകുട്ടി പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നു. പഠനരംഗത്ത് നിരവധി വിജയങ്ങൾ രചിച്ചുകൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായി. വീൽച്ചെയറിലാക്കിയ വിധിയോട് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചുകൊണ്ട് മധുരമായി പ്രതികാരം ചെയ്ത ആ പെൺകുട്ടിയെക്കുറിച്ച് മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ.ജോബിൻ.എസ് കൊട്ടാരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം :- 

‘ പ്രിയപ്പെട്ട വിദ്യാർഥിനി ഷെറിൻ ഷഹാന (Sherin Shahana) ഇന്ത്യൻ സിവിൽ സർവീസിലേക്ക്. രണ്ടു വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർഥികളും നേത രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്സല്യൂട്ട് ഐ എ എസ് അക്കാദമി ‘ചിത്രശലഭം’ എന്ന പദ്ധതി ആരംഭിച്ചത്. ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് ഷെറിൻ വന്നത്. ഇന്ന് ഷെറിൻ സിവിൽ സർവീസ് റാങ്ക് പട്ടികയിലിടം പിടിച്ചപ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.

പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്സല്യൂട്ടിലെ ഡിഗ്രി വിദ്യാർഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു. ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന് മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സർവീസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്.

ഇനിയും ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ. നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ ‘ചിത്രശലഭം’ ബാച്ചിൽ പഠിക്കുന്നത്. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിലെ എല്ലാവരുടെയും പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ. 

ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണ്. പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി. ഷെറിൻ സമ്മാനിച്ച ഈ മുണ്ടും, ഷർട്ടും എനിക്ക് ലഭിച്ച ഏറ്റവും വില പിടിപ്പുള്ള സമ്മാനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.