കെന്നഡി’ എന്ന ചിത്രത്തില്‍ വിക്രത്തെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്‍ പ്രതികരിച്ചില്ല എന്ന് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിരുന്നു. കെന്നഡിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രമേളയില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അനുരാഗ് ഈ പരാമര്‍ശം നടത്തിയത്.

ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിക്രം. കാര്യങ്ങള്‍ അനുരാഗ് പറഞ്ഞത് പോലെ അല്ല എന്നാണ് വിക്രം വ്യക്തമാക്കുന്നത്. അനുരാഗിന് തന്നെ ബന്ധപ്പെടാനാകുന്നില്ലെന്ന് ഒരു നടന്‍ പറഞ്ഞപ്പോള്‍ താന്‍ നേരിട്ട് ഫോണ്‍ വിളിച്ച് വിശദീകരണം നല്‍കി എന്നാണ് വിക്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രിയ അനുരാഗ്, സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി ഒരു വര്‍ഷത്തിന് മുമ്പ് നമുക്കിടയില്‍ നടന്ന ഒരു സംഭാഷണം ഓര്‍ത്തെടുക്കുന്നു. ഈ ചിത്രത്തിന് വേണ്ടി താങ്കള്‍ എന്നെ സമീപിക്കാന്‍ ശ്രമിച്ചെന്നും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നും താങ്കള്‍ കരുതി എന്ന് മറ്റൊരു നടനില്‍ നിന്നും അറിഞ്ഞപ്പോള്‍ തന്നെ താങ്കളെ ഫോണില്‍ വിളിച്ച് വിശദീകരിക്കുകയുണ്ടായി.”

”ഒരു മെയിലോ സന്ദേശമോ എനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നെ ബന്ധപ്പെടാന്‍ താങ്കള്‍ ഉപയോഗിച്ച മെയില്‍ ഐഡി ആക്ടീവ് അല്ലെന്നും താങ്കള്‍ എന്നെ ബന്ധപ്പെടാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ രണ്ട് വര്‍ഷം മുമ്പ് മാറ്റിയതാണെന്നും ഞാനപ്പോള്‍ തന്നെ വിശദീകരിച്ചിരുന്നു.”

”താങ്കളുടെ കെന്നഡി എന്ന ചിത്രത്തെ കുറിച്ച് ഞാന്‍ ആവേശഭരിതനാണെന്നും പറഞ്ഞു. എന്റെ പേര് (വിക്രത്തിന്റെ യഥാര്‍ഥ പേര് കെന്നഡി ജോണ്‍ വിക്ടര്‍ എന്നാണ്) ടൈറ്റില്‍ ആക്കുന്ന ചിത്രം എന്ന നിലയില്‍ പ്രത്യേകിച്ചും. നന്മകള്‍ നേരുന്നു. സ്നേഹത്തോടെ ചിയാന്‍ വിക്രം എന്ന കെന്നഡി” എന്നാണ് വിക്രം കുറിച്ചിരിക്കുന്നത്.