മോഹൻലാലിന്റെയും മണിരത്നത്തിന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ഇരുവർ. മോഹൻലാൽ എന്ന നടനിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെപ്പറ്റി മുമ്പ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഇരുവറിന്റെ ചിത്രീകരണവേളയിൽ മോഹൻലാൽ ആ കഥാപാത്രത്തെ വളരെ സൂക്ഷ്മമായി നോക്കിക്കാണുകയും അതിനനുസരിച്ച് വിശദാംശങ്ങൾ നൽകി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് മണിരത്നം പറയുന്നത്. അദ്ദേഹത്തിൽനിന്ന് പഠിച്ചെടുത്ത ഒരു പാഠമായിരുന്നു അതെന്നും തുടർന്നുള്ള സിനിമകളിൽ അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞതായും മണിരത്നം കൂട്ടിച്ചേർക്കുന്നു.

‘ വിപുലമായ ഒട്ടേറെ ഷോട്ടുകൾ ഇരുവറിലുണ്ടായിരുന്നു. കാണികളുമായി നൃത്തം ചെയ്യുന്നതും മറ്റും. അത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ശൈലിയായിരുന്നു അത്. അടയാളപ്പെടുത്തിയതനുസരിച്ച് ക്രെയിൻ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത്. അപ്പോൾ മോഹൻലാൽ വന്ന് പറയും, ഷോട്ട് ഇങ്ങനെയാവണമെന്ന് നൂറുശതമാനം ഫിക്സ് ചെയ്ത് വെക്കരുത്. ഹാപ്പി ആക്സിഡന്റ് എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അപ്രതീക്ഷിതമായി സംഭവിക്കട്ടെയെന്ന്.” മണിരത്നം പറയുന്നു.

”നടക്കുന്നതിനിടയിൽ പെട്ടെന്ന് എന്റെ മുണ്ട് അഴിയുകയാണെങ്കിൽ അതുവരെ പ്ലാൻ ചെയ്യാത്ത എന്തെങ്കിലും ആക്ഷൻ ഞാൻ അവതരിപ്പിക്കും. ഒരാൾ പെട്ടെന്ന് തെറ്റി എന്റെ വഴിയേ വരികയാണെങ്കിൽ ഞാൻ നിർത്തി മാറി നടക്കേണ്ടതായി വരും.” മോഹൻലാൽ അന്ന് പറഞ്ഞ് കാര്യങ്ങൾ ഓർക്കുന്നു മണിരത്നം. അത്തരം ചെറിയ നിങ്ങൾക്ക് മുമ്പിൽ സംഭവിക്കുന്നത് കാണാൻ സന്തോഷമുണ്ടെന്നും ലാൽ തന്നോട് പറഞ്ഞു. അഭിനയത്തിൽ മോഹൻലാൽ പുലർത്തുന്ന സ്വാഭാവികതയും ഡീറ്റെയിലിങ്ങുമാണ് മണിരത്നം എടുത്തുപറയുന്നത്. ഗൗതം മേനോനും മണിരത്നവും തമ്മിലുള്ള ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറയുന്നത്.