പരീക്ഷ ഫലങ്ങളുടെ കാലമാണല്ലോ ഇത്. പണ്ടത്തെ കാലത്ത് പത്ത് കടക്കലായിരുന്നു മിക്കവരുടെയും വലിയ കടമ്പ. എന്നാൽ ഇപ്പോഴത് ഫുൾ എപ്ലസിലേക്ക് എത്തി. എപ്ലസ് വിജയം നേടാത്തത് വലിയ ന്യൂനതയായാണ് പലരും വിലയിരുത്തുന്നത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞില്ലെങ്കിലും ആരും മിടുക്കൻമാരും മിടുക്കികളും അല്ലാതാകുന്നില്ല. 10ാം ക്ലാസ് വിജയം ജീവിതത്തിന്റെ അവസാനമല്ല. 

10ൽ ഉയർന്ന മാർക്ക് നേടിയവരിൽ പലരും പിന്നീട് പഠനത്തിൽ പിന്നാക്കം പോകുന്നത് കാണാറുണ്ട്. എന്നാൽ കുറഞ്ഞ മാർക്ക് ലഭിച്ച് പിന്നീട് വലിയ വിജയം നേടിയവരും ഒരുപാടുണ്ട്. അങ്ങനെയുള്ള ഒരു വിദ്യാർഥിയെ ആണ് പരിചയപ്പെടുത്തുന്നത്. ഹൈദരാബാദ് സ്വദേശിയായ ആദിത്യ സിങ്. വാറങ്ങൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിയായ ​ആദിത്യയുടെ ശമ്പള പാക്കേജാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പ്രതിവർഷം 88 ലക്ഷം ശമ്പളം വാഗ്ദാനം നൽകിയാണ് ആദിത്യയെ മൾട്ടി നാഷനൽ കമ്പനി റാഞ്ചിയത്. വാറങ്ങൽ എൻ.ഐ.ടിയിലെ എം.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ആദിത്യ. വാറങ്ങൽ എൻ.ഐ.ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിക്ക് ഇത്രയേറെ ശമ്പളത്തിൽ പ്ലേസ്മെന്റ് ലഭിക്കുന്നത്.

ഹൈദരാബാദ് ഐ.ഐ.ടിയിലെ വിദ്യാർഥിക്കാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്ലേസ്മെന്റ് ലഭിച്ചത്. പ്രതിവർഷം 63.8 ലക്ഷമായിരുന്നു ശമ്പള വാഗ്ദാനം. ഇതാണ് ആദിത്യ മറികടന്നത്. 

കാംപസ് പ്ലേസ്മെന്റുകളിൽ നിന്ന് നിരവധി തവണ ഒഴിവാക്കപ്പെട്ട ചരിത്രം കൂടിയുണ്ട് ഈ മിടുക്കന്. ആ നിലക്ക് ആദിത്യയുടെ അവസാന കാംപസ് സെലക്ഷനും കൂടിയായിരുന്നു അന്ന് നടന്നത്. മൂന്നു റൗണ്ടുകളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കടമ്പ മൂന്നും കടന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിയും ആദിത്യയായിരുന്നു. കാംപസ് സെലക്ഷൻ വഴി 20,30ലക്ഷം രൂപയുടെ ജോലിയായിരുന്നു ആദിത്യയുടെ സ്വപ്നം. സ്വപ്നം കണ്ടതിനേക്കാൾ വലിയ തുക ശമ്പളമായി വാഗ്ദാനം ലഭിച്ചപ്പോൾ ഭാഗ്യമാണിതെന്നായിരുന്നു ആദ്യ മിടുക്കന്റെ പ്രതികരണം.

റെക്കോർഡ് പ്ലേസ്മെന്റ് നേടിയ വിവരമറിഞ്ഞ് പലരും ആദ്യതയെ ഇന്റർവ്യൂ ചെയ്യാനെത്തി. സ്കൂൾ ടോപ്പറായിരുന്നോ എന്നായിരുന്നു പ്രധാന ചോദ്യം. 10ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം മാർക്കാണ് ലഭിച്ചതെന്നായിരുന്നു മറുപടി. 

10ാം ക്ലാസിനു ശേഷം പഠനം ഗൗരവമായി കണ്ടു. 12ാം ക്ലാസ് പരീക്ഷക്ക് 96 ശതമാനം മാർക്ക് ലഭിച്ചു. തുടർന്ന് എൻട്രൻസ് പരീക്ഷക്ക് തയാറെടുപ്പ് നടത്തി. അഭിഭാഷകനാണ് ആദിത്യയുടെ പിതാവ്. ആദിത്യയുടെ സഹോദരൻ അലഹാബാദ് ഐ.ഐ.ടിയിലാണ് പഠിക്കുന്നത് .സഹോദരന്റെ സഹായത്തോടെ സ്വന്തം നിലക്ക് കോഡിങ് തയാറാക്കിയതും കരിയറിനെ ഒരുപാട് സഹായിച്ചുവെന്ന് ആദിത്യ പറയുന്നു. കോവിഡ് കാലത്ത് അസൈൻമെന്റുകളുടെ ഭാരമില്ലാ​ത്തതിനാൽ കോഡിങ് പരിശീലിക്കാനും എളുപ്പമായി.