ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പൊലീസ് സാന്നിധ്യത്തില്‍ വന്ദന കൊല്ലപ്പെട്ടെന്നത് ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍ഭയ ഫണ്ടിലൂടെയടക്കം കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം കൃത്യമായി മുടങ്ങാതെ ലഭിക്കുന്നുണ്ട്.

3000 കോടിയോളം പെണ്‍കുട്ടികളുടെ പോഷകാഹാരനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിക്കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയെ അമേഠിയില്‍ നിന്ന് ഓടിച്ച് കേരളത്തിലെ എംപിയാക്കിയതിനൊപ്പം അദ്ദേഹത്തിന്റെ മണ്ഡലത്തിലെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡ് ജനങ്ങള്‍ തയാറാക്കിയിരുന്നുവെങ്കില്‍ എല്ലാ വിഷയത്തിലും ആനമുട്ടയായിരിക്കും ലഭിക്കുക എന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സ്വയം മൂല്യനിര്‍ണയം നടത്തി സ്വന്തം പ്രോഗസ് കാര്‍ഡ് പ്രസിദ്ധീകരിക്കുകയാണ് പിണറായി വിജയന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍.