ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായിരുന്ന കർദ്ദിനാൾ മത്തിയോ സുപ്പിയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് 20 നാണ് വത്തിക്കാൻ പ്രസ്സ് ഓഫീസ് ഇതറിയിച്ചത്.

“ഉക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ ആശ്വാസം പകരുക എന്ന ദൗത്യത്തിൽ സഹകരിച്ചു പ്രവർത്തിക്കുവാൻ ബൊലോഗ്നയുടെ ആർച്ച് ബിഷപ്പും ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദ്ദിനാൾ മത്തിയോ സുപ്പിയെയും സ്റ്റേറ്റ് സെക്രട്ടറിയെയും മാർപാപ്പ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉക്രെയ്നിനിൽ സംഘർഷം തുടരുമ്പോഴും പ്രതീക്ഷയിലാണ് മാർപാപ്പ. ഇതെല്ലാം സമാധാനത്തിന്റെ പാതകൾക്കുള്ള തുടക്കമാണ്.” വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ പറഞ്ഞു.

റഷ്യൻ അധിനിവേശം ആരംഭിച്ച സമയം മുതൽ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മാർപാപ്പ നിരവധി തവണ ആഹ്വാനം ചെയുകയും അതിനായി പലമാർങ്ങളിലൂടെ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 30 ന്, ഹംഗറിയിലെ സന്ദർശനത്തിനൊടുവിലെ യാത്രയിലും മാർപാപ്പ ഉക്രെയ്നിന്റെ സമാധാനത്തിനുള്ള പരിശ്രമങ്ങളിലായിരുന്നു. മെയ് 13 ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു.

ഉക്രെയ്നിനിലും അവിടെ കൂടുതൽ അക്രമങ്ങൾ നേരിടുന്ന പ്രദേശങ്ങളിലും സമാധാനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുവാൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ മെയ് 17ന് യൂറോപ്പിലെ കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.