ലോകത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഏഴു രാജ്യങ്ങളുടെ സഖ്യമായ ജി-7 ഉച്ചകോടിയിലേക്ക് ഫ്രാൻസിസ് പാപ്പാ കത്തയച്ചു. ജപ്പാനിലെ ഹിരോഷിമയിൽ, മെയ് 19 മുതൽ 21 വരെയായിരുന്നു ജി-7 ഉച്ചകോടി.

സമാധാനത്തിനു നേർക്ക് ഇന്നുയരുന്ന വലിയ ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കാനും ദേശീയ – അന്തർദ്ദേശീയ സുരക്ഷ ഉറപ്പാക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. ആണവായുധങ്ങൾ അപര്യാപ്തങ്ങളാണെന്ന ഓർമ്മപ്പെടുത്തലാണ് ഹിരോഷിമ നൽകുന്നതെന്നും മാർപാപ്പാ വ്യക്തമാക്കി. അമേരിക്കൻ ഐക്യനാടുകൾ 1945 ആഗസ്റ്റ് 6-ന് അണുബോംബിട്ടു തകർത്ത ജപ്പാനിലെ നഗരമായ ഹിരോഷിമയിൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, ഹിരോഷിമ രൂപതയുടെ മെത്രാൻ അലേക്സിസ് മിത്സുറു ഷിരഹാമയ്ക്കു നല്കിയ കത്തിലാണ് മാർപാപ്പയുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.

യുദ്ധത്തിനായി ആണവോർജ്ജം ഉപയോഗിക്കുന്നത് എന്നത്തേക്കാളുമുപരി ഇന്ന് മനുഷ്യവ്യക്തിയുടെ ഔന്നത്യത്തിന് എതിരായതു മാത്രമല്ല, നമ്മുടെ പൊതുഭവനത്തിന്റെ സാധ്യമായ ഭാവിക്കുമെതിരായ കുറ്റകൃത്യമാണെന്ന് പരിശുദ്ധ സിംഹാസാനത്തിന്റെ ഉറച്ച ബോധ്യം പാപ്പാ കത്തിൽ വെളിപ്പെടുത്തുന്നു. ഉത്തരവാദിത്വബോധമുള്ള സ്ത്രീപുരുഷന്മാർ ഇന്ന് വിശിഷ്യ, മഹാമാരിയുടെ അനുഭവത്തിലൂടെ കടന്നുപോകുകയും ഉക്രൈൻ യുദ്ധം ഉൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നടക്കുകയും ചെയ്യുന്ന വേളയിൽ, ഭാവിയിലേക്കു നോക്കുന്നത് ആശങ്കയോടെയാണെന്ന് പാപ്പാ പറയുന്നു.

ഒത്തൊരുമയിലും സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും മാത്രമേ  മാനവകുടുംബത്തിന് മുറിവുകൾ സൗഖ്യമാക്കാനും നീതിയും സമാധാനവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും കഴിയുകയുള്ളൂവെന്ന് പാപ്പാ കത്തിൽ വ്യക്തമാക്കി.