രാജാക്കാട്: ധ്യാനത്തിന് പോയി മടങ്ങിയെത്തിയ ശേഷം കാണാതായ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ധ്യാനത്തിന് പോയി മടങ്ങിയെത്തിയ ശേഷം കാണാതായ യുവതിയെ രാജാക്കാട് എസ്റ്റേറ്റ് പൂപ്പാറക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

വ്യാഴാഴ്ച ധ്യാനത്തിന് പോയി രാത്രിയോടെ തിരികെ പൂപ്പാറയിലെത്തിയ മുരുകേശ്വരിയെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുവീടുകളിലടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ശാന്തൻപാറ പോലീസിൽ പരാതി നൽകി.

പോലീസ് അന്വേഷണം നടക്കുന്നതിനിടെ സ്ഥലമുടമ രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.