തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പൊതുവിപണിയിൽനിന്ന് കടമെടുക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. വായ്പയെടുക്കാൻ ആവാത്തതിനാൽ ക്ഷേമപെൻഷൻ വിതരണമുൾപ്പെടെ മുടങ്ങി. ക്ഷേമപെൻഷൻ ഇപ്പോൾ മൂന്നുമാസം കുടിശ്ശികയാണ്. ഇത് നൽകാൻ 2700 കോടി വേണം.

സാമൂഹികസുരക്ഷാ പെൻഷനും സർക്കാർ സഹായധനത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധികളുടെയും പെൻഷനാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുടങ്ങിയത്. ഇതിൽ ഒരുമാസത്തെ പെൻഷൻ ജൂണിൽ വിതരണംചെയ്യാനാവുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ അംഗങ്ങളുടെ വിഹിതത്തിലൂടെ സമാഹരിക്കുന്ന തുകയടക്കം സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തുന്ന ചില ക്ഷേമനിധികളുടെയും പെൻഷൻ മുടങ്ങിയിട്ടുണ്ട്.