കാൻ ചലച്ചിത്രമേളയിലെത്തിയതിനു പുറകേ ട്രോൾ പെരുമഴയിൽ മുങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഐശ്വര്യയുടെ കാൻ പ്രവേശനം. എന്നാൽ ഇത്തവണ ആഷ് ധരിച്ച ഗൗണാണ് എതിർപ്പുകൾക്ക് ഇടയാക്കിയിരിക്കുന്നത്. അലൂമിനിയം ഡീറ്റെയ്‌ലോടു കൂടിയ ഗൗണാണ് ഐശ്വര്യ ധരിച്ചത്. വെള്ളി നിറത്തിലുള്ള ഗൗണിനു കുറുകെ കറുത്ത നിറത്തിലുള്ള ഓവർ സൈസ്ഡ് ബോയുമുണ്ട്. തലയ്ക്കു മുകളിലേക്ക് പൊതിഞ്ഞു നിൽക്കുന്ന ഹൂഡിയാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്.

എന്നാൽ ആരാധകർക്ക് ഈ വേഷം അത്ര പിടിച്ച മട്ടില്ല. ഏറ്റവും മോശം വേഷം എന്നാണ് സമൂഹമാധ്യമത്തിൽ ഒരാരാധകൻ ഐശ്വര്യയുടെചിത്രത്തിനു താഴെ പ്രതികരിച്ചിരിക്കുന്നത്. ശരീരഭാരം കൂടിയത് അറിയാതിരിക്കാനാണ് ആഷ് ഇത്തരത്തിലുള്ള വേഷം തെരഞ്ഞെടുത്തതെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

കാനിന്‍റെ കാപ്സ്യൂൾ കലക്ഷനിലുള്ളതാണ് ഐശ്വര്യ ധരിച്ച സോഫിയ കോച്ചർ ഗൗൺ. കാനിലെ സ്ഥിരം സാന്നിധ്യമായ ആഷ് ഇത്തവ‍ണയും മകൾ ആരാധ്യയ്ക്കൊപ്പമാണ് കാൻവേദിയിലെത്തിയത്. ഹോളിവുഡ് ചിത്രം ദി ഡയൽ ഒഫ് ഡെസ്റ്റിനിയുടെ പ്രീമിയർ ഷോയിലും താരം പങ്കെടുത്തു.