ചെന്നൈ: ലിയോയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ‘ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിരവധി പേരാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. താൻ ഒരു പുതിയ തിരക്കഥയുടെ ജോലികളില്‍ ആണെന്നും അത് വിജയ്‍യ്‍ക്ക് ഇഷ്‍ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേരത്തെ ഒരു അഭിമുഖത്തില്‍ വിക്രം പ്രഭു പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം സംബന്ധിച്ച് പുതിയ റൂമര്‍ കോളിവുഡില്‍ പരക്കുകയാണ്.  ‘ദളപതി 68’ല്‍ വിജയ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത വരുന്നത്.  വിജയ് ഈ ചിത്രത്തിന് 150 കോടി പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. വിജയ് നായകനായി അറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ നിര്‍മ്മിച്ച പ്രൊഡക്ഷനാണ് എജിഎസ്.

ബോക്‌സ് ഓഫീസ് പ്രകടനം പരിഗണിക്കാതെ തന്നെ വിജയ്‌  സിനിമ നോണ്‍ തീയറ്റര്‍ റൈറ്റുകളിലൂടെ നല്ല ലാഭം ഉറപ്പാക്കുന്ന അവസ്ഥയിലാണ് ഇത്രയും വലിയ പ്രതിഫലത്തിലേക്ക് വിജയിയെ എത്തിക്കുന്നത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും 150 കോടി പ്രതിഫലത്തിൽ വെങ്കട്ട് പ്രഭുവിനൊപ്പം വിജയ് ഒരു ചിത്രത്തില്‍ സഹകരിക്കുന്നു എന്ന വാര്‍ത്ത വലിയ തോതില്‍ കോളിവുഡില്‍ ചര്‍ച്ചയാകുകയാണ്.

വാരിസിന്‍റെ വിജയത്തിന് പിന്നാലെ ഒരു തെലുങ്ക് സംവിധായകനൊപ്പം ഒരു തെലുങ്ക് ചിത്രം വിജയ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പുതിയ വെങ്കിട് പ്രഭു ചിത്രം ഏതാണ്ട് ഉറപ്പായതോടെ ഇത് ഉപേക്ഷിച്ചുവെന്നാണ് വിവരം. ആർ ബി ചൗധരിയാണ് നേരത്തെ കേട്ടിരുന്ന ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത് എന്നാണ് വിവരം. എന്നാല്‍ ഇതിന്‍റെ തിരക്കഥ വിജയ്ക്ക് ഇഷ്ടമായില്ലെന്നാണ് വിവരം. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ‘ലിയോ’യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.