ഷാജി രാമപുരം

ന്യൂയോര്‍ക്ക് : അമേരിക്കയിലെ സഭകളുടെ ഏറ്റവും വലിയ ഐക്യവേദിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ യു എസ് എ (എന്‍.സി.സി) വാഷിംഗ്ടണ്‍ ഡി.സി യിലെ നാഷണല്‍ സിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ച് മെയ് 15,16 തീയതികളില്‍ (തിങ്കള്‍, ചൊവ്വാ) നടന്ന സമ്മേളനത്തോടും ആരാധനയോടും കൂടി രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

1950 ല്‍ രൂപംകൊണ്ട അമേരിക്കയിലെ എന്‍.സി.സി യില്‍ പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ്, ഇവാഞ്ചലിക്കല്‍, ആഫ്രിക്കന്‍ അമേരിക്കന്‍ തുടങ്ങി 38 വിവിധ സഭകള്‍ ഇന്ന് അംഗങ്ങള്‍ ആണ്. 2025 ല്‍ 75 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സഭകളുടെ ഏറ്റവും വലിയ ഐക്യവേദിയുടെ ഇടക്കാല പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ബിഷപ് വഷ്തി എം.മക്കന്‍സ്‌കിയാണ്.

സഭകളുടെ ആത്മീയപരമായ വളര്‍ച്ചക്കും, മൂല്യബോധം വളത്തിയെടുക്കുന്നതിനും, മനുഷ്യര്‍ അഭിമുഖികരിക്കുന്നതായ വിവിധ സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങളില്‍ ദൈവത്തിന്റെ നീതിയും സമാധാനവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് എന്‍.സി.സി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്.

2016 മുതല്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ അമേരിക്കയുടെ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗമായി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലിക്‌സിനോസ് പ്രവര്‍ത്തിക്കുന്നു. വാഷിംഗ്ടണ്‍ ഡി.സി യില്‍ വെച്ച് പ്ലാറ്റി!നം ജുബിലി ആഘോഷങ്ങളുടെ തുടക്കത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സഭകളുടെ ബിഷപ്പുമാരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ബിഷപ് ഡോ. മാര്‍ ഫിലിക്‌സിനോസിന്റെ സമാപന പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനും ശേഷം സമാപിച്ചു.