ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ എൻ.ഐ.എയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

കഴിഞ്ഞ വർഷം രജിസറ്റർ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാത്തിലാണ് പരിശോധന. നിരോധിത വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌.എഫ്‌.ജെ) അംഗമായ ജസ്‌വീന്ദർ സിങ് മുൾട്ടാനിയുടെ കൂട്ടാളികളുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഭീകരവാദ-മയക്കുമരുന്ന്- കള്ളക്കടത്ത്-ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന നടത്തുന്നതെന്ന് എൻഐഎ അറിയിച്ചു.

ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന കുറ്റത്തിന് ജസ്വീന്ദർ സിങ് 2021ൽ ജർമ്മനിയിൽ അറസ്റ്റിലായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ഖാലിസ്ഥാൻ വിഘനവാദികൾക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് എൻ.ഐ.എ നിഗമനം. റെയ്ഡ് നടത്തുമ്പോൾ ഇരുന്നൂറിലധികം റെഡ്ടീം വളണ്ടിയർമാരും ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ജെ സ്ഥാപകൻ ഗുർപത്‌വന്ത് സിങ് പന്നുവിന്റെ അടുത്ത സഹായിയാണ് ജസ്‌വീന്ദർ സിങ് മുൾട്ടാനി എന്നാണ് റിപ്പോർട്ട്. 2020-2021 കാലയളവിലെ കർഷക പ്രക്ഷോഭത്തിനിടെ കർഷക നേതാവ് ബൽബീർ സിങ് രാജേവാളിനെ സിന്ധു അതിർത്തിയിൽ വെച്ച് കൊലപ്പെടുത്താൻ ജസ്വീന്ദർ സിങ് മുൾട്ടാനി ഗൂഢാലോചന നടത്തിയിരുന്നുവെന്നും ആരോപണമുണ്ട്.