എഐയുടെ ഗോഡ്ഫാദറി’നെ പിന്തുണച്ച് ട്വിറ്റർ മേധാവിയും ടെസ്‌ല ഉടമയുമായ എലോൺ മസ്ക്.  കഴിഞ്ഞ ദിവസമാണ് എഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റിന്റെ എഐയെക്കുറിച്ചുള്ള പരാമർശം വൈറലായത്. ഇതിനു പിന്നാലെ എഐ ചാറ്റ്ബോട്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ 75 കാരന് ‘താൻ എന്താണ് സംസാരിക്കുന്നതെന്ന് അറിയാമെന്ന; ട്വീറ്റുമായി മസ്‌കുമെത്തി. കമ്പ്യൂട്ടറുകൾക്ക് ആളുകളെക്കാൾ വേഗത്തിൽ സ്മാർട്ടാകാൻ കഴിയുമെന്ന് മനസ്സിലാക്കിയെന്നും അതിനു ശേഷം സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനാണ് താൻ ഇത് ചെയ്തതെന്നും ഹിന്റൺ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു.

ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, തെറ്റായ ചിത്രങ്ങളും ടെക്‌സ്റ്റുകളും സൃഷ്‌ടിക്കാനുള്ള എഐയുടെ കഴിവിനെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും ഹിന്റൺ പറഞ്ഞു. “ഇനി എന്താണ് സത്യമെന്ന് അറിയാൻ കഴിയാത്ത” ഒരു ലോകം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെക്കുറിച്ച് മസ്‌കും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ നിരവധി  പേരാണ്  ചാറ്റ്ജിപിടി  ഉപയോഗിക്കുന്നത്. സാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് ചാറ്റ്ജിപിടി. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജിപിടി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മനുഷ്യൻ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ്  സൂചനകൾ. ഇത്തരത്തിലുള്ള 20 പ്രഫഷനുകളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകൾ പോലും  എളുപ്പത്തിൽ പാസായി ചാറ്റ് ജിപിടി മികവ് തെളിയിച്ചത് വാർത്തയിൽ ഇടം നേടിയതാണ്.