അവധിയായാൽ മിക്കവരും മൂന്നാറിന്റെ മനോഹാരിതയിലേക്കാകും യാത്ര തിരിക്കുന്നത്. ഇത്തവണത്തെ യാത്രയ്ക്ക് ഇൗ സുന്ദര സ്ഥലത്ത് പോകാം.എപ്പോഴും മഞ്ഞുപെയ്യുന്ന വളരെ മനോഹരമായ ഒരിടമുണ്ട് തമിഴ്‌നാട്ടിലെ തേനിക്കടുത്ത്. മേഘമല എന്നാണ് ആ സ്വര്‍ഗത്തിന്‍റെ പേര്. ഈ വേനല്‍ക്കാലത്ത് കുളിരും കോടമഞ്ഞും തേടി, ഏലവും തേയിലത്തോട്ടങ്ങളും നിറഞ്ഞ വഴികള്‍ താണ്ടിപ്പോകാം, ആ സുന്ദരിയെക്കാണാന്‍.  

പതിനെട്ടു വളവുകള്‍ താണ്ടി മേഘമലയിലേക്ക്

എറണാകുളത്തു നിന്ന് പാലാ–മുണ്ടക്കയം–കുട്ടിക്കാനം-കുമളി–കമ്പം–ഉത്തമപാളയം–ചിന്നമണ്ണൂർ വഴി 250 കി.മീ ആണ് മേഘമലയിലേക്കുള്ള ദൂരം. ചിന്നമണ്ണൂരില്‍ എത്തിയാല്‍ 40 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പഴയ തമിഴ് ഗ്രാമങ്ങളുടെ ഛായയുള്ള ഒരു ചന്തയാണ് ചിന്നമണ്ണൂര്‍. ഇവിടെയെത്തി ഒരു ചായയൊക്കെ കുടിച്ച് വീണ്ടും യാത്ര തുടരാം. 

മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക, താമര എന്നിങ്ങനെ പുഷ്പങ്ങളുടെ പേരില്‍ വിളിക്കുന്ന പതിനെട്ടോളം ഹെയര്‍പിന്‍ വളവുകള്‍ കയറിയാണ് ചിന്നമണ്ണൂരില്‍ നിന്നും മേഘമലയിലേക്കുള്ള യാത്ര. എങ്ങും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പിനും പുക പോലെ പടരുന്ന കോടമഞ്ഞിനും നടുവിലൂടെയുള്ള ഈ യാത്ര തന്നെ ഒരു അനുഭവമാണ്.

വെള്ളക്കാരുടെ ഹൈവേവീസ്

പേരുപോലെ തന്നെ മേഘങ്ങള്‍ പറന്നുനടക്കുന്ന കാഴ്ചയാണ് മേഘമലയിലെ പ്രധാന ആകര്‍ഷണം എന്ന് പറയാം. ചുറ്റുമുള്ള പർവതങ്ങൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ പോലെയുള്ള പാറ്റേണുകൾ കാരണം ബ്രിട്ടീഷ് പ്ലാന്റർമാർ ഇതിന് ‘ഹൈവേവീസ്’ എന്ന് പേരിട്ടു. അതിരാവിലെ, മഞ്ഞിന്‍റെ വെള്ള റിബണുകൾ ഈ പർവതങ്ങൾക്ക് ചുറ്റും പൊതിഞ്ഞ്, തേയിലത്തോട്ടങ്ങള്‍ക്ക് മുകളിലൂടെ അവ മേഘങ്ങളായി മുകളിലേക്ക് ഉയരുന്ന കാഴ്ച ശ്വാസംനിലച്ചു പോകുന്നത്ര മനോഹരമാണ്.

മേഘമലയിലെ കാഴ്ചകള്‍ കാണാം

അവിടവിടെയായി കാണുന്ന കുഞ്ഞന്‍ വെള്ളച്ചാട്ടങ്ങളും ഹൃദയഹാരിയായ കാഴ്ചയാണ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ മേഘങ്ങളാല്‍ മൂടപ്പെട്ടു കിടക്കുന്ന ഒരു കൊച്ചുതടാകവും ഇവിടെ കാണാം. വെള്ളം കുടിക്കുവാന്‍ വരുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും, അപൂര്‍വങ്ങളായ പക്ഷികളും പുള്ളിമാനുമെല്ലാം മേഘമലയില്‍ സഞ്ചാരികളെ വരവേല്‍ക്കും. 

മേഘമലയില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണ് മഹാരാജാമേട് വ്യൂപോയിന്‍റ്. വെണ്ണിയാര്‍ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന് തൊട്ടു മുകളിലായി മഹാരാജയമ്മന്‍ കോവിലും ഇരവങ്കലാര്‍ ഡാമുമുണ്ട്. വ്യൂപോയിന്‍റില്‍ നിന്നും നോക്കിയാല്‍ പച്ചയുടെ കരിമ്പടം പുതച്ച താഴ്‍‍വാരത്തിന്റെ ദൃശ്യം കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. 

സമുദ്ര നിരപ്പില്‍ നിന്നും 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളിമലയാണ് മേഘമലയുടെ മറ്റൊരു കാഴ്ച. വെള്ളിമേഘങ്ങള്‍ വിശ്രമിക്കാനെത്തുന്ന ഈ മലയുടെ മുകളില്‍ നിന്നാണ് വൈഗാ നദി ഉത്ഭവിക്കുന്നത്. മേഘമലൈ വെള്ളച്ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്ന സുരുളി വെള്ളച്ചാട്ടവും മേഘമലയില്‍ കാണാം. 

കുറഞ്ഞ നിരക്കില്‍ താമസം

സഞ്ചാരികള്‍ക്ക് മേഘമലയില്‍ താമസത്തിനുള്ള സൗകര്യങ്ങളുമുണ്ട്. പഞ്ചായത്ത് അതിഥി മന്ദിരവും സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവുകളും രാത്രി താമസം ഒരുക്കുന്നു. കുറഞ്ഞ ബജറ്റിലെത്തുന്നവര്‍ക്ക് ഒരു രാത്രി ചിലവഴിക്കാനായി, പോകും വഴി ഹൈവേ വിസ് എന്ന സ്റ്റോപ്പിലുള്ള പഞ്ചായത്ത് അതിഥി മന്ദിരത്തില്‍ ഇറങ്ങാം. 

വുഡ്ബ്രിയർ തേയിലത്തോട്ടങ്ങൾക്ക് നടുവിലുള്ള ക്ലൗഡ് മൗണ്ടൻ ബംഗ്ലാവാണ് അല്‍പ്പം കൂടി മെച്ചപ്പെട്ട സൗകര്യങ്ങള്‍ വേണ്ടവര്‍ താമസിക്കുന്ന ഒരിടം. ഒരു സ്വീകരണമുറി, ഒരു ചെറിയ ലൈബ്രറി, വിശാലമായ മൂന്ന് കിടപ്പുമുറികൾ എന്നിവയ്ക്ക് പുറമേ, പാചകം ചെയ്യാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.