നിങ്ങൾക്ക് പ്രായം കൂടുന്നതോർത്ത്‌ വിഷമം തോന്നാറുണ്ടോ? എങ്കിൽ നമുക്കൊന്ന് പ്രായം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാലോ? വെറും ഏഴു വർഷത്തിനുള്ളിൽ മനുഷ്യന്‍ അമരത്വം നേടുമെന്ന് മുന്‍ ഗൂഗിള്‍ എഞ്ചിനീയർ പ്രവചിച്ചിരിക്കുകയാണ്. ഇതിനെപ്പറ്റിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ചർച്ച നടക്കുന്നത്. നാനോറോബോട്ടുകളുടെ സഹായത്തോടെ മനുഷ്യർ മരണത്തെ കീഴടക്കുമെന്നാണ് പ്രമുഖ ഫ്യൂച്ചറിസ്റ്റുകൂടിയായ റേ കുർസ്‌വെയിൽ പ്രവചിച്ചത്. ഏകദേശം 50-100 എംഎം വലുപ്പമുള്ള വളരെ വലുപ്പം കുറഞ്ഞ റോബോട്ടുകളാണ് നാനോബോട്ടുകള്‍.

നേരത്തേ നടത്തിയ അദ്ദേഹത്തിന്റെ 147 പ്രവചനങ്ങളില്‍ 86 ശതമാനവും കൃത്യമായി സംഭവിച്ചിരുന്നു. 2000 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച ചെസ് താരം ഒരു കംപ്യൂട്ടറാവുമെന്ന് റേ 1997-ല്‍ തന്നെ പ്രവചിച്ചിരുന്നു. ഇത് 1997-ല്‍ ഡീപ്പ് ബ്ലൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ഗാരി കാസ്പറോവിനെ തോല്‍പിച്ചതോടെ സത്യമായി. അതിനാൽത്തന്നെ ഇപ്പോഴത്തെ പ്രവചനത്തേയും ആരും നിസാരമായി കാണുന്നില്ല. ജനറ്റിക്‌സ്, നാനോ സാങ്കേതികവിദ്യ, റോബോട്ടിക്‌സ് എന്നീ ശാസ്ത്രമേഖലയുടെ വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാനും പ്രായം കുറയ്ക്കാനും വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് ഒരു യൂട്യൂബ് ചാനലിനോട് റേ പറഞ്ഞത്. 2030 ആകുമ്പോഴേക്കും ഈ നേട്ടത്തിലേക്ക് നമ്മളെത്തുമെന്നും അര്‍ബുദം പോലുള്ള രോഗങ്ങളെ ഫലപ്രദമായി തടയാന്‍ ഈ സാങ്കേതികവിദ്യകളിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഏഴു വർഷത്തിനുള്ളിൽ മനുഷ്യന്റെ ബുദ്ധിശക്തിയേയും മറികടന്ന് നിര്‍മിത ബുദ്ധിയും കംപ്യൂട്ടറുകളും മുന്നോട്ടു പോവുമെന്നാണ് റേ പറയുന്നത്. 2029-ല്‍ തന്നെ മനുഷ്യനോളം ബുദ്ധിശക്തി പ്രകടിപ്പിക്കാന്‍ കംപ്യൂട്ടറുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ നമ്മളെ കൂടുതല്‍ ബുദ്ധി ശക്തിയുള്ളവരും സമര്‍ഥരുമാക്കാന്‍ കംപ്യൂട്ടറുകള്‍ സഹായിക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. മനുഷ്യരില്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിനെ പലരും പേടിയോടെ കാണുമ്പോഴും ഇത്തരം സാങ്കേതികവിദ്യകള്‍ നല്ലതിനാണെന്നാണ് റേയുടെ അഭിപ്രായം.