ഗോവ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നവരാണ് മിക്ക സഞ്ചാരികളും. കുറഞ്ഞ ചെലവില്‍ കിടിലന്‍ ബീച്ച് വെക്കേഷന് ഇന്ത്യയില്‍ ഗോവ പോലെ ജനപ്രിയമായ മറ്റൊരിടമില്ല. സീസണ്‍ ഏതായാലും ഒരിക്കലും തീരാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഗോവയെ സ്പെഷലാക്കുന്ന മറ്റൊരു കാര്യം.

കേരളത്തില്‍ നിന്ന് ഗോവയിലെത്താന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്രെയിനും വിമാനവും മറ്റു ഗതാഗതസൗകര്യങ്ങളുമുണ്ട്. എന്നാല്‍ വാരാന്ത്യത്തിൽ പോയിവരാവുന്നത്ര അടുത്തല്ല ഗോവ. അങ്ങനെയുള്ളപ്പോള്‍ ഗോവ കാണണമെന്ന് കൊതി തോന്നിയാലോ? നേരെ കോഴിക്കോട്ടേക്ക് വണ്ടി വിട്ടാല്‍ മതി, കോഴിക്കോട്ടുണ്ട് ഗോവയെ കടത്തിവെട്ടുന്ന കിടിലനൊരു ഗോവന്‍ ബീച്ച്!

കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഈ സ്ഥലത്തേക്ക്. കോഴിക്കോട് ടൗണില്‍ നിന്നു കൊയിലാണ്ടിയും മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തി, കുറച്ച് മുന്നോട്ടു പോയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ് കാണാം. അതു കടന്നാൽ ഇടുങ്ങിയൊരു റോഡിലേക്കാണ് ചെന്നെത്തുന്നത്. യാത്ര തുടർന്നാൽ കടൽ തീരത്തോടു ചേർന്ന റോഡിലേക്ക് കടക്കാം.

ഇവിടെ, കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പിനിടയിലൂടെ കുറച്ചുദൂരം പോകണം. ഒരുവശത്തായി കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം. പാർക്കിങ് ഏരിയയിലാണ് റോഡ് അവസാനിക്കുന്നത്. 20 രൂപ നൽകിയാല്‍ കാറില്‍ വരുന്നവര്‍ക്ക് ഇവിടെ പാർക്ക് ചെയ്യാം.

ഇവിടെ നിന്നു പതിയേ നടന്നുതുടങ്ങാം. കുറച്ചങ്ങു പോകുമ്പോള്‍ തിരമാലകളുടെ ഇരമ്പം കേള്‍ക്കാം. കണ്ടൽ കാടുകൾ നിറഞ്ഞ ഇടവഴിയിലൂടെ ചെന്നുകയറുന്നത് സുന്ദരമായ ബീച്ചിലേക്കാണ്. ഇവിടെയാണ്‌ കോഴിക്കോട്ടുകാരുടെ രഹസ്യസ്വത്തായ കോട്ടപ്പുറം ബീച്ച്. കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയുടെ പരിസരമായതിനാലാണ് ഈ പേര് വരാന്‍ കാരണം.

ഗോവയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യം ഉള്ളതിനാല്‍ മിനി ഗോവ എന്നാണ് സഞ്ചാരികൾ ഈ ബീച്ചിനെ വിളിക്കുന്നത്. ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ചിന്‍റെ ബോർഡ് മാത്രമാണ്.

ഈ പ്രദേശത്തെങ്ങും കാണുന്ന കണ്ടല്‍കാടുകള്‍ മുഴുവന്‍ സ്വയമേവ ഉണ്ടായവയല്ല. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാന്‍ഡ്ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമുട്ട്(കടൽപാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഇതു പുഴയെ ദോഷകരമായി ബാധിച്ചു. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെടുകയും അതു പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. 

കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകളാണ് ഇപ്പോൾ പടർന്ന് പന്തലിച്ച് പുഴയെ സംരക്ഷിക്കുന്നത്.