ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെയുമായുള്ള ശീതസമരം രൂക്ഷമാക്കി ചെയർമാന് അ‍ഡീഷനൽ ചീഫ് സെക്രട്ടറി നടപടി നോട്ടിസ് നൽകി. ശീതസമരം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.

നടപ്പാക്കാൻ സാധിക്കാത്ത  3 പദ്ധതികൾ സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ അതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ച് സർക്കാരിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജൻ ഖൊബ്രഗ‍ഡെയ്ക്ക് കെ.ആർ.ജ്യോതിലാൽ കത്തയച്ചത്.

100 ദിവസംകൊണ്ട് പൂർത്തിയാകുമെന്ന് ഉറപ്പുള്ള പരിപാടികൾ മാത്രമേ ഉൾപ്പെടുത്താവൂ എന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പലതവണ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ മൂന്നു തവണ യോഗം ചേർന്നു. മേയ് 20ന് 100 ദിന പരിപാടി പൂർത്തിയാക്കണമെന്നിരിക്കെ 3 പദ്ധതികൾ പൂർത്തിയാവില്ലെന്നാണ് ഇപ്പോൾ ബോർഡ് ചെയർമാൻ അറിയിച്ചത്. പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി, കോട്ടയത്തെ 400 കെവി സബ്സ്റ്റേഷൻ, കൊല്ലം –കൊട്ടിയം 120 കെവി സബ്സ്റ്റേഷൻ എന്നിവയാണ് പൂർത്തിയാവില്ലെന്ന് ഉറപ്പായത്. 

നടപടി ആവശ്യപ്പെട്ടതിനു പുറമേ നാലു നിർദേശങ്ങളും  ചെയർമാനു രേഖാമൂലം നൽകിയിട്ടുണ്ട്. തെഹ്‍രി ഹൈഡ്രോ ഡവലപ്മെന്റ്  കോർപറേഷനുമായി 11 ജിഗാവാട്ട് പമ്പ്ഡ് ഹൈഡ്രോയുടെയും ജലവൈദ്യുത പദ്ധതികളുടെയും ധാരണാ പത്രം അടുത്ത ബോർഡ് യോഗത്തിൽ വയ്ക്കണം. സ്മാർട് മീറ്റർ സംബന്ധിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് അന്തിമ തീരുമാനത്തിനായി ബോർഡ് യോഗത്തിൽ വയ്ക്കണം. ഹിമാചലിൽ പോയ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയും ചർച്ച ചെയ്യണം. 

സിവിൽ ടെൻഡർ മാർഗ നിർദേശങ്ങൾ പുതുക്കാൻ സ്വീകരിച്ച നടപടിയും വൈദ്യുതി ബോർഡ് പുനഃസംഘടന സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളും ബോർഡ് യോഗത്തിൽ ലഭ്യമാക്കണം. കഴിഞ്ഞ 2 ബോർഡ് യോഗങ്ങളിലും അഡീഷനൽ ചീഫ് സെക്രട്ടറി പങ്കെടുക്കാത്തതിനാൽ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചിരുന്നില്ല.  ഇന്നു എത്തുന്ന മന്ത്രി കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും.