തിരുവനന്തപുരം: കെ.ഫോൺ പദ്ധതിയിൽ വിപുലമായ അധികാരങ്ങളോടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക്. ബില്ലിംഗിലും സർവേയിലുമെല്ലാം ഇടപെടാൻ വിപുലമായ അധികാരങ്ങളാണ് ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി കമ്പനിക്ക് നൽകിയത്. കെ ഫോണിൻറെ വരുമാനത്തിൻറെ നിശ്ചിത ശതമാനവും കമ്പനിക്കാണ്

പ്രൊപ്പ്രൈറ്റർ മാതൃകയിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് എംഎസ്പിയെ തെരഞ്ഞെടുക്കാൻ കെ ഫോൺ ഇ ടെണ്ടര്‍ വിളിച്ചത്. മൂന്ന് സ്വകാര്യ കമ്പനികൾ പങ്കെടുത്ത ടെണ്ടറിൽ കരാര്‍ കിട്ടിയത് എസ്ആര്‍ഐടിക്ക്. പദ്ധതി നടത്തിപ്പിൽ കെ ഫോണിന് സാങ്കേതികമായ എല്ലാ സഹായവും നൽകേണ്ടത് ഇനി ഈ സ്വകാര്യ കമ്പനിയാണ്. സ്ഥാപനങ്ങളിലും വീടുകളിലും വാണിജ്യ ആവശ്യത്തിനുമെല്ലാം കെ ഫോൺ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ അതിന്‍റെ വാടക തീരുമാനിക്കുന്നത് മുതൽ ബില്ലിംഗും സര്‍വെയും എന്ന് വേണ്ട അവശ്യസാധനങ്ങളുടെ പര്‍ച്ചേസിലും എല്ലാം ഇടപെടാനും തീരുമാനമെടുക്കാനും ഉള്ള അധികാരം എസ്ആര്‍ഐടിക്ക് ഉണ്ടായിരിക്കും. 

അതായത് പദ്ധതിയുടെ മേൽനോട്ടവും ഏകോപനവും മാത്രം കെ ഫോണിന്. മറ്റ് ജോലികൾക്കെല്ലാം എസ്ആര്‍ഐടിക്ക് പുറം കരാർ എന്ന രീതിലാകും ഇനിയുള്ള പ്രവര്‍ത്തനം. കെ ഫോണിന് വരുന്ന വരുമാനത്തിന്‍റെ നിശ്ചിത ശതാമാനം തുക സ്വാകാര്യ കമ്പനിക്ക് കിട്ടും വിധത്തിലാണ് കരാര്‍ വ്യവസ്ഥയെന്നാണ് വിവരം. ആഗോള ടെണ്ടർ വിളിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും അതുണ്ടായില്ല.