ചെന്നൈ: ഐപിഎല്‍ 2022 സീസണിന്‍റെ മധ്യേ രവീന്ദ്ര ജഡേജയെ മാറ്റി എം എസ് ധോണിയെ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഏറെക്കാലം ധോണിയുടെ കീഴില്‍ കളിച്ച ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ തുടരെ പരാജയങ്ങള്‍ നേരിട്ടതോടെയാണ് ക്യാപ്റ്റന്‍സി മാറ്റമുണ്ടായത്. ഇതിന് പിന്നാലെ ജഡേജ അസംതൃപ്തി പരസ്യമാക്കി ടീം ഹോട്ടല്‍ വിട്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിഎസ്‌കെയുമായി ബന്ധപ്പെട്ട 2021, 22 സീസണുകളിലെ എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജഡ്ഡു നീക്കം ചെയ്തതും അന്ന് അഭ്യൂഹങ്ങള്‍ക്ക് തീ പകര്‍ന്നു. 

ഈ സംഭവങ്ങളെ കുറിച്ച് പുതിയ വിവരങ്ങള്‍ ക്രിക്‌ബസ് പുറത്തുവിട്ടിരിക്കുകയാണ്. വിവാദ സംഭവങ്ങള്‍ക്ക് ശേഷം എം എസ് ധോണിയും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും രവീന്ദ്ര ജഡേജയമായി ഏറെ നേരം സംസാരിച്ചതായും എല്ലാ തെറ്റിദ്ധാരണകളും മാറ്റിയതായുമാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ജഡേജ അതൃപ്‌തനായിരുന്നു. സീസണിലെ ആദ്യ എട്ട് കളികളില്‍ ആറെണ്ണത്തിലും ചെന്നൈ തോറ്റതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. പിന്നാലെ പരിക്ക് കാരണം ജഡേജ സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍ കളിച്ചതുമില്ല. ഇതോടെ ജഡേജയും ചെന്നൈ ടീം മാനേജ്മെന്‍റും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായായിരുന്നു റിപ്പോര്‍ട്ട്. 

ക്യാപ്റ്റനായ സീസണില്‍ 10 മത്സരങ്ങളില്‍ 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമേ ജഡ്ഡു നേടിയുള്ളൂ. ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ധോണി ഇടപെട്ടതോടെ ജഡേജയും ടീം മാനേജ്‌മെന്‍റുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഇതോടെ ഐപിഎല്‍ 2023 സീസണില്‍ ധോണി-ജഡേജ ബന്ധം പഴയ പോലെ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്‍ 16-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ മാര്‍ച്ച് 31ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നാല് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ടീമാണ് സിഎസ്‌കെ. ഏപ്രില്‍ മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് സിഎസ്‌കെയുടെ ആദ്യ ഹോം മത്സരം.