ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പെൺകുട്ടിയാണ് നിഖാത് സരീൻ. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് നിഖാത് ഒന്നാമതെത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ താരത്തിന്റെ രണ്ടാമത്തെ സ്വർണം കൂടിയാണിത്. ഒരു ലക്ഷം യുഎസ് ഡോളറും (82 ലക്ഷം ഇന്ത്യൻ രൂപ) ഒരു ഥാറും നിഖാതിന് സമ്മാനമായി ലഭിച്ചു. മഹീന്ദ്രയാണ് ഥാർ സമ്മാനിച്ചത്.

ഈ സമ്മാനത്തുക ഉപയോഗിച്ച് മെഴ്സിഡസ് ബെൻസ് വാങ്ങണമെന്നായിരുന്നു നിഖാതിന്റെ സ്വപ്നം. എന്നാൽ ആ സ്വപ്നം താൻ ഉപേക്ഷിച്ചെന്നും സമ്മാനത്തുക മാതാപിതാക്കളെ ഉംറക്ക് അയക്കാൻ ഉപയോഗിക്കുമെന്നും നിഖാത് വ്യക്തമാക്കി. 

‘ബെൻസ് വാങ്ങണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോൾ എനിക്ക് ഥാർ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ബെൻസ് മോഹം ഉപേക്ഷിക്കുകയാണ്. എനിക്ക് എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം. ഈ കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം.’-അഭിമാനനേട്ടത്തിന് ശേഷം നിഖാത് പ്രതികരിച്ചു.

ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിയാറ്റ്നാം താരമായ നുയൻ തി ടാമിനെയാണ് നിഖാത് സരിൻ പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനത്തോടെയാണ് (5-0) ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം.നേരത്തേ 2022 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം കരസ്ഥമാക്കിയിരുന്നു.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് നിഖാത് സരിൻ. മേരി കോമാണ് ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത. 2022 കോമൺവെൽത്ത് ഗെയിംസിലും നിഖാത് സരിൻ സ്വർണം നേടിയിരുന്നു.