രാഹുൽ ​ഗാന്ധിയെ ലോക്സഭാം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാർട്ടികൾ. ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി‍ഡിജെഎസ് മത്സരിക്കുമെന്നാണ് പുതിയ വിവരം. വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന് പാർട്ടി നേതൃത്വത്തോട് ബിഡിജെഎസ് നേതാക്കൾ ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി രാഹുൽ ​ഗാന്ധിക്കെതിരെ മത്സരിച്ചത് തുഷാർ വെളളാപ്പളളിയാണ്.

അതേസമയം വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സിപിഐഎം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമായ നേതാവാണെന്ന് എതിര്‍ക്കുന്ന പ്രതിപക്ഷങ്ങള്‍ പോലും ഉള്‍ക്കൊണ്ടിരിക്കുന്നു. ഇന്നലെ വരെ കോണ്‍ഗ്രസിനൊപ്പമില്ലാത്ത പല പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനങ്ങള്‍ ഒരു തിരുത്തലിന്റെ തുടക്കമാണ്.

ഈ തുടക്കം തുടരുകയും രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന് അവസാനമുണ്ടാക്കുകയും ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ അത് നേരിടാന്‍ ഇടതുപക്ഷം തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യതയില്ല. പ്രതിപക്ഷ കക്ഷികള്‍ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ച് വരികയാണ്. കോടതി വിധി അന്തിമമല്ല. പ്രാഥമികമായ വിധിയെ അടിസ്ഥാനപ്പെടുത്തി അയോഗ്യനാക്കുക എന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.