ന്യൂഡൽഹി: രണ്ട് വിമാനങ്ങൾ അപകടകരമാം വിധം ഒരേ വ്യോമപാതയിലൂടെ പറന്നതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎഎൻ). എയർ ഇന്ത്യ- നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചേക്കാവുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ചതിന് മൂന്ന് എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി സിഎഎഎൻ അറിയിച്ചു.

വെള്ളിയാഴ്ചയാണ് വലിയൊരു ദുരന്തത്തിലേയ്ക്ക് നയിക്കാമായിരുന്ന സംഭവമുണ്ടായത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസിലെ എയർബസ് എ-320 വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് വരികയായിരുന്ന എയർ ഇന്ത്യാ വിമാനവും ഏറെക്കുറേ കൂട്ടിയിടിക്കാവുന്ന തരത്തിൽ അടുക്കുകയായിരുന്നു. ഇരു വിമാനങ്ങളും സമാനമായി വ്യോമ പാതയിലാണെന്ന് റഡാറിൽ തെളിഞ്ഞതിന് പിന്നാലെയാണ് അപകടകരമായ സാഹചര്യം ഒഴിവാക്കപ്പെട്ടത്. എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴേയ്ക്ക് പറക്കുമ്പോൾ നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. അപകടസൂചന ലഭിച്ചതോടെ തന്നെ നേപ്പാൾ എയർലൈൻസിന്റെ വിമാനം 7,000 അടിയിലേയ്ക്ക് സഞ്ചാരപാത മാറ്റി.

ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാനായി ശ്രദ്ധാലുക്കളായി പ്രവർത്തിക്കാത്തതിനാണ് സംഭവസമയത്ത് കൺട്രോൾ റൂമിന്റെ ചുമലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. വീഴ്ച പരിശോധിക്കാനായി മൂന്നംഗ അന്വേഷണ സമിതിയേയും സിവിൽ ഏവിയേഷൻ അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ എയർ ഇന്ത്യ ഇത് വരെ പ്രതികരണമറിയിച്ചിട്ടില്ല.