വാഷിങ്ടൺ: ആറാം ക്ലാസിലെ കുട്ടികളെ മൈക്കലാഞ്ചലോയുടെ ദാവീദ് എന്ന ശിൽപ്പത്തെ പരിചയപ്പെടുത്തിയതിന് ഫ്ലോറിഡയിലെ സ്കൂൾ പ്രിൻസിപ്പൽ രാജിവെക്കാൻ നിർബന്ധിതയായി.

കുട്ടികളെ അശ്ലീലത പഠിപ്പിക്കുന്നു​വെന്ന് രക്ഷിതാവ് പരാതിപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടത്.

നവോത്ഥാന കലകളെ കുറിച്ചുള്ള പാഠത്തിൽ മൈക്കലാഞ്ചലോയുടെ ദാവീദ് എന്ന ശിൽപ്പത്തെ പരിചയപ്പെടുത്തിയതാണ് രക്ഷിതാവിനെ ചൊടിപ്പിച്ചത്. ഏറ്റവും പ്രശസ്തമായ ശിൽപ്പമാണ് മൈക്കലാഞ്ചലോയുടെ ദാദീവ്. ബൈബിൾ കഥാപാത്രമായ ഗോലിയത്തിനെ കൊന്ന ദാവീദിന്റെ ശിൽപ്പമാണത്. 5.17 മീറ്റർ ഉയരമുള്ള ശിൽപ്പം പൂർണമായും നഗ്നമാണ്.

11, 12 വയസുള്ള കുട്ടികൾക്കാണ് നവോത്ഥാന കലകളെ കുറിച്ചുള്ള പാഠം ഉണ്ടായിരുന്നത്. അതിൽ മൈക്കലാഞ്ചലോയുടെ ‘ക്രിയേഷൻ ഓഫ് ആദം’ എന്ന പെയ്ന്റിങ്ങും ബോട്ടിസെല്ലിയുടെ ‘ബെർത്ത് ഓഫ് വീനസും’ റഫറൻസിനുണ്ടായിരുന്നു.

എന്നാൽ ഒരു രക്ഷിതാവ് ഇവ അശ്ലീലതയാണെന്ന് പരാതിപ്പെട്ടു. രണ്ടു രക്ഷിതാക്കൾ ഇത് കുട്ടികൾക്ക് പഠിപ്പിക്കുന്നതിന് മുമ്പ് ക്ലാസിനെ കുറിച്ച് തങ്ങൾക്ക് അറിയണമെന്ന് ആവശ്യപ്പെട്ടു.

ഫ്ലോറിഡയിലെ തല്ലഹസീ ക്ലാസിക്കൽ സ്കൂളിലാണ് സംഭവം. തുടർന്ന് സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പൽ ഹോപ്പ് കരസ്ക്യുലയോട് രാജി​വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാജിവെച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് അറിയിച്ചു.

എന്നാൽ രാജിവെക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്. എന്നാൽ അത് ഈ പാഠവുമായി ബന്ധപ്പെട്ടുണ്ടായ പരാതിയെ തുടർന്നാണെന്ന് കരുതുന്നതായും അവർ പറഞ്ഞു.

അതേസമയം, സ്കൂൾ മാനേജ്മെന്റ് ബോർഡിലെ അംഗം പറഞ്ഞത്, കഴിഞ്ഞ വർഷം കുട്ടികളെ ​ദാവീദിന്റെ ശിൽപ്പം കാണിക്കുന്നതിന് മുമ്പായി രക്ഷിതാക്കൾക്ക് പ്രിൻസിപ്പൽ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ പ്രിൻസിപ്പൽ വന്നിട്ട് ഒരു വർഷം ആകുന്നതേയുള്ളു. അവർ രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടികളെ ദാവീദിനെ പരിചയപ്പെടുത്തിയത്. വിവാദ വിഷയങ്ങളുമായി കുട്ടികളെ ബന്ധപ്പെടുത്തുമ്പോൾ അത് രക്ഷിതാക്കളെ അറിയിക്കേണ്ടതുണ്ട്. അത് ചെയ്യാത്തത് ഗുരുത കുറ്റമാണെന്ന് ബോർഡംഗമായ ​ബർനെയ് ബിഷപ്പ് III പറഞ്ഞു.