വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളികൾക്കും എതിരെ പഞ്ചാബ് പോലീസ് വൻതോതിൽ അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചതിന് പിന്നാലെ ഡൽഹിയിലെ പ്രഗതി മൈതാനിലെ ഇന്ത്യൻ പതാകയ്ക്ക് പകരം ഖാലിസ്ഥാനി പതാക സ്ഥാപിക്കുമെന്ന് ഭീഷണിയുമായി  ഖാലിസ്ഥാൻ അനുകൂലികൾ രംഗത്ത്.

മുംബൈയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഫോണിലെത്തിയ റെക്കോർഡഡ് ഓഡിയോ സന്ദേശം ലഭിച്ചയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

പ്രഗതി മൈതാനം കൈക്കലാക്കുമെന്നും ഇന്ത്യൻ ത്രിവർണ്ണ പതാക വലിച്ചെറിയുമെന്നും ഖാലിസ്ഥാൻ അനുകൂലികൾ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിലുണ്ട്. നരേന്ദ്ര മോദിയെയും അമിത് ഷായെയും അവർ ആക്ഷേപിക്കുകയും ചെയ്യുന്നു. 

അതേസമയം, സെപ്റ്റംബറിൽ പ്രഗതി മൈതാനത്ത് ജി20 സമ്മേളനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിനിടെ അമൃത്പാൽ സിംഗ് അറസ്‌റ്റിൽ നിന്ന് ഒളിച്ചോടുന്നത് ഇപ്പോഴും തുടരുകയാണ്. ഇയാളുടെ നിരവധി സഹായികളെ പോലീസ് അറസ്‌റ്റ് ചെയ്യുകയും, ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.