കോട്ടയം:  പാതിവഴിയില്‍ പണി നിലച്ചു കിടക്കുന്ന പാലം വിദേശ പ്രതിനിധികളുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ കുറുക്കുവഴി. കുമരകത്തെ ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിനു പ്രതിനിധികളെത്തും മുമ്പാണ് കിഫ്ബി ഫണ്ട് ചെലവിട്ട് നിര്‍മിക്കുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റും കൂറ്റന്‍ ബോര്‍ഡുകളുയര്‍ത്തി മറച്ചത്. പരിപാടിയുടെ പ്രചാരണത്തിനായുളള ബോര്‍ഡുകള്‍ സ്ഥാപിക്കുക മാത്രമാണുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം.

അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ നിറയുകയാണ്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു വരെ നടക്കുന്ന ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന വിദേശ പ്രതിനിധികള്‍ കുമരകത്തെ സമ്മേളന വേദിയിലേക്ക് വരും വഴിയാണ് വര്‍ഷങ്ങളായി നിര്‍മാണം നിലച്ചു കിടക്കുന്ന അഞ്ചുമന പാലം. കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റന്‍ ബോര്‍ഡുകള്‍ എന്നതാണ് ചോദ്യം.

ഏതോരു രാജ്യാന്തര സമ്മേളനത്തിന്‍റെയും പ്രചരണാര്‍ഥം സ്ഥാപിക്കുന്ന സാധാരണ ബോര്‍ഡുകള്‍ മാത്രമാണിതെന്നാണ് സംഘാടകരുടെ വിശദീകരണം. എങ്കില്‍ എന്തുകൊണ്ട് പാതയോരത്തെ മറ്റിടങ്ങളില്‍ ഇത്ര വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ലെന്ന മറുചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് പണി തുടങ്ങി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് പഞ്ചായത്തിന്‍റെ പരാതി. ജി20 സമ്മേളനത്തിന്‍റെ പേരിലെങ്കിലും പാലം പണി സര്‍ക്കാര്‍ തീര്‍ക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്കു മുകളില്‍ കൂടിയാണ് ഈ കൂറ്റന്‍ ബോര്‍ഡുകളുടെ ഇരുപ്പ്.