ബീജിംഗ് : യു.എസ് കമ്പനിയായ മിന്റ്സിന്റെ ചൈനയിലെ ഒാഫീസ് അധികൃതർ അടപ്പിച്ചു. അഞ്ച് തൊഴിലാളികളെ തടവിലാക്കി. എന്തു കാരണത്താലാണ് കമ്പനി റെയ്ഡ് ചെയ്തതെന്ന് വ്യക്തമല്ല. റെയ്ഡ് സംബന്ധിച്ച് കമ്പനിക്ക് ഏതെങ്കിലും രേഖകൾ അധികൃതർ നൽകിയിട്ടില്ല. ഇൗയാഴ്ച അവസാനം ആപ്പിളിന്റെ സി.ഇ.ഒ ടിം കുക്കും എച്ച്.എസ്.ബി.സി സി.ഇ.ഒ നോയൽ ക്വിന്നും ഉൾപ്പെടെ പങ്കെടുക്കുന്ന വാർഷിക ഇൻവെസ്റ്റേഴ്സ് സമ്മേളനം ബീജിംഗിൽ നടത്താനിരിക്കെയാണ് നടപടി. കേസ് സം്ബന്ധിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവായ യുവതി മാവോ നിംഗ് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

തടവിലായ അഞ്ച് ജീവനക്കാരും ചൈനീസ് വംശജരാണ്. ഇവരെ ബീജിംഗിന് പുറത്തെവിടെയോ ആണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. മിന്റ്സിന്റെ ചൈനയിലെ ഏക ഒാഫീസാണ് ബീജിംഗിലേത്. ലോകവ്യാപകമായി 18 ഒാഫീസുകളുള്ള മിന്റ്സ് ചെയ്യുന്നത് വസ്തുതാന്വേഷണം, ആഭ്യന്തര അന്വേഷണം മുതലായ കാര്യങ്ങളാണെന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നു. നൂറു കണക്കിന് ജീവനക്കാരാണ് എല്ലാ ഒാഫീസുകളിലുമായുള്ളത്.

റെയ്ഡ് തിങ്കളാഴ്ച നടന്നിരിക്കാമെന്നാണ് കരുതുന്ന്. നിയമത്തിൽ ഒതുങ്ങി നിന്നു കൊണ്ട്പ്രവർത്തിക്കാനുള്ള അനുമതി അധികൃതർ തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. സുതാര്യമായും ധാർമ്മികമായും രാജ്യത്തെ നിയമങ്ങൾക്ക് അനുയോജ്യവുമായാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. നാഷണൽ ഫുട്ബാൾ ലീഗ്, ദ ബീറ്റിൽസ് തുടങ്ങിയവരാണ് തങ്ങളുടെ കക്ഷികളെന്നും കമ്പനിയുടെ സൈറ്റിൽ പറയുന്നു.

മിന്റ്സിന്റെ പാർട്ട്ണർമാരിൽ ഒരാളും ഏഷ്യ ഒാപ്പറേഷൻസ് തലവനുമായ റാൻഡൽ ഫിലിപ്പ് ഇപ്പോൾ ചൈനയ്ക്ക് പുറത്താണുള്ളത്. ചൈനീസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ചീഫ് റെപ്രസേന്റേറ്റിവായിരുന്നു റാൻഡൽ. റാൻഡലുമായി ബന്ധപ്പെട്ടാണോ റെയ്ഡ്എന്നതും വ്യക്തമല്ല.