ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടി-യെ ഈ യുഗത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തമായാണ് കണക്കാക്കപ്പെടുന്നത്. ഓപൺഎ.ഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ എഐ സേര്‍ച്ച് എൻജിന്റെ പ്രധാന നിക്ഷേപകർ മൈക്രോസോഫ്റ്റാണ്. ചാറ്റ്ജി.പി.ടിയുടെ കഴിവ് കണ്ട് അന്ധാളിച്ച പലരും അത്, ഭാവിയിൽ മനുഷ്യന് തന്നെ തലവേദനയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.

തൊഴിൽ വിപണിയിൽ ChatGPT പോലുള്ള വലിയ ഭാഷാ മോഡലുകളുടെ (LLMs) സ്വാധീനം പരിശോധിക്കാനായി ഓപൺഎ.ഐയിലെയും പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിലെയും ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. അതിൽ നിന്ന് അവർ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

അമേരിക്കയിലെ ആകെ തൊഴിലാളികളിൽ 99 ശതമാനത്തെയും ഏതെങ്കിലും വിധത്തിൽ ചാറ്റ്ജി.പി.ടി പോലുള്ള എ.ഐ ടൂളുകളുടെ പിറവി ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ആകെ തൊഴിലാളികളിൽ ഏകദേശം 80 ശതമാനം പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും എ.ഐ ബോട്ടുകൾ കവർന്നെടുക്കുമത്രേ. അവശേഷിക്കുന്ന 19 ശതമാനം തൊഴിലാളികളുടെ തൊഴിലിന്റെ 50 ശതമാനവും എ.ഐ ടൂളുകളുടെ കടന്നുകയറ്റം ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പഠനമനുസരിച്ച്, പുതിയ സാങ്കേതികവിദ്യ എല്ലാ വേതന ലെവലുകളെയും സ്വാധീനിക്കും, ഉയർന്ന വരുമാനമുള്ള ജോലികൾ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാത്രം. കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ അപേക്ഷിച്ച് ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, പ്രൊഫഷണൽ ബിരുദങ്ങൾ ഉള്ള വ്യക്തികൾക്കായിരിക്കും എ.ഐ ബോട്ട് കാരണം ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതൽ.

കഴിഞ്ഞ ദിവസം ഒരു ട്വിറ്ററാട്ടിക്ക് ചാറ്റ്ജി.പി.ടി ത​ന്നെ അതിന്റെ സൂചന നൽകുകയുണ്ടായി. മനുഷ്യരെ മാറ്റി നിർത്തി ചാറ്റ്ജി.പി.ടിക്ക് ഏറ്റെടുത്ത് ചെയ്യാവുന്ന 20 ജോലികളുടെ ലിസ്റ്റാണ് എ.ഐ ചാറ്റ്ബോട്ട് പങ്കുവെച്ചത്.

ഉപഭോക്തൃ സേവന പ്രതിനിധി (customer service representative), വെർച്വൽ അസിസ്റ്റന്റ്, ഇമെയിൽ മാർക്കറ്റർ, അപ്പോയിന്റ്മെന്റ് ഷെഡ്യൂളർ, പ്രൂഫ് റീഡർ, കണ്ടന്റ് മോഡറേറ്റർ, റിക്രൂട്ടർ, ട്രാവൽ ഏജന്റ്, ടെക്നിക്കൽ സപ്പോർട്ട് അനലിസ്റ്റ്, ന്യൂസ് റിപ്പോർട്ടർ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, കോപ്പിറൈറ്റർ, ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ട്യൂട്ടർ, ബുക്ക് കീപ്പർ, ടെലിമാർക്കറ്റർ, പാരാലീഗൽ – ഡാറ്റാ എൻട്രി ക്ലർക്ക്, – എന്നീ ജോലികൾ മനുഷ്യരേക്കാൾ നന്നായി തനിക്ക് ചെയ്യാൻ കഴിയുമെന്നാണ് ചാറ്റ്ജി.പി.ടി പറയുന്നത്. എന്നാൽ, ലാർജ് ലാംഗ്വേജ് മോഡലുകൾ അല്ലെങ്കിൽ എൽ.എൽ.എമ്മുകളാണ് വലിയ അളവിൽ മനുഷ്യരുടെ തൊഴിലിനെ ബാധിക്കുക. ഇപ്പോഴത്തെ രൂപത്തിൽ അമേരിക്കയിലെ മൂന്ന് ശതമാനം തൊഴിലാളികളുടെ പകുതി ജോലിയെ മാത്രമാണ് ചാറ്റ്ജി.പി.ടി ബാധിക്കുക. കാലക്രമേണയുണ്ടാകുന്ന ഈ എ.ഐ ചാറ്റ്ബോട്ടിന്റെ വളർച്ചയെയാണ് പേടിക്കേണ്ടത്.

ചാറ്റ്ജി.പി.ടിയിൽ നിന്ന് സേഫായ ജോലികൾ….

എന്നാൽ, ചാറ്റ്ജി.പി.ടിക്ക് ഏറ്റെടുത്ത് ചെയ്യാൻ കഴിയാത്ത ജോലികളുടെ ലിസ്റ്റും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. 

  • കാർഷിക ഉപകരണ ഓപ്പറേറ്റർമാർ -(Agricultural Equipment Operators) 
  • കായികതാരങ്ങളും കായിക മത്സരാർത്ഥികളും 
  • ഓട്ടോ മെക്കാനിക്സ് 
  • കെട്ടിട തേപ്പ് ജോലിക്കാർ 
  • പാചകക്കാർ 
  • കഫറ്റീരിയ അറ്റൻഡന്റ്സ് 
  • ബാർടെൻഡർമാർ 
  • ഡിഷ് വാഷറുകൾ 
  • ഇലക്ട്രിക്കൽ പവർ-ലൈൻ ഇൻസ്റ്റാളും റിപ്പയറും ചെയ്യുന്നവർ 
  • മരപ്പണിക്കാർ 
  • ചിത്രകാരന്മാർ 
  • പ്ലംബർമാർ 
  • അറവുകാരും പൊതിഞ്ഞു കൊടുക്കുന്നവരും 
  • കൽപണിക്കാർ – ശിൽപ്പികൾ